തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് ആരംഭിച്ചു.
ഡിസംബബർ 5 വരെ നടക്കുന്ന കമ്മീഷനിംഗ് 19 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ 101 വാർഡുകളിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് മാർ ഇവാനിയോസ് കോളേജിലാണ് നടക്കുന്നത്.
കോർപ്പറേഷനിലെ 101 വാർഡുകളെ നാലായി തിരിച്ച് നാല് റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിലാണ് കമ്മീഷനിംഗ് നടത്തുന്നത്. ഇവിഎം മെഷീനുകളുടെ കമ്മീഷനിംഗ് ജില്ലാ കളക്ടർ അനു കുമാരി വിലയിരുത്തി.
ഒന്നു മുതൽ 26 വരെയുള്ള വാർഡുകളിലെ 159 ബൂത്തുകളിലേക്കുള്ള കമ്മീഷനിംഗ് ജില്ലാ പ്ലാനിംഗ് ഓഫീസറുടെ നേതൃത്വത്തിലും 27 മുതൽ 51 വരെയുള്ള വാർഡുകളിലെ 153 ബുത്തുകളിലേക്കുള്ള കമ്മീഷനിംഗ് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്.
52 മുതൽ 76 വരെയുള്ള വാർഡുകളിലെ 175 പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള കമ്മീഷനിങ്ങിന് സബ് കളക്ടർ ആൽഫ്രഡ് ഒ.വിയും 77 മുതൽ 101 വരെയുള്ള വാർഡുകളിലെ 168 ബൂത്തുകളിലേക്കുള്ള ഇ.വി.എം കമ്മീഷനിങ്ങിന് ജില്ലാ ലേബർ ഓഫീസറുമാണ് റിട്ടേണിംഗ് ഓഫീസർമാർ. ആകെ 655 ബൂത്തുകളിലേക്കുള്ള ഇവിഎം കമ്മീഷനിംഗ് ആണ് നടത്തുന്നത്. നാല് റിട്ടേണിംഗ് ഓഫീസർമാർക്ക് കീഴിൽ 31 റിസർവ് മെഷീനുകൾ വീതം ഉണ്ട്. ഇതും വോട്ടെടുപ്പിനായി സജ്ജമാക്കും.
ബ്ലോക്ക് പഞ്ചായത്തുകളിലേത് അതാത് ബ്ലോക്ക് ഡിവിഷന്റെ കീഴിലാണ് നടക്കുന്നത്. ഇന്ന് (ഡിസംബർ 3) നെടുമങ്ങാട്, വെള്ളനാട്, പാറശ്ശാല എന്നീ ബ്ലോക്കുകളിലേയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലേയും കമ്മീഷനിംഗ് ആണ് നടത്തിയത്. മറ്റ് ബ്ലോക്കുകളുടേയും മുനിസിപ്പിലിറ്റികളുടേയും കമ്മീഷനിംഗ് നാളെയും മറ്റന്നാളുമായി (ഡിസംബർ 4,5) നടത്തും. ഇതിന് വേണ്ട ക്രമീകരണങ്ങൾ എല്ലാം തന്നെ ജില്ലാതലത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
ഇവിഎം ട്രാക്ക് എന്ന പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കമ്മീഷനിങ് സമയം മെഷീനുകൾ ക്രമീകരിക്കുന്നത്. ഇ.സി.ഐ.എൽ എൻജിനീയർമാരുടെ സാന്നിധ്യം കമ്മീഷനിംഗ് സമയത്ത് ഉണ്ടായിരിക്കുന്നതാണ്.
കമ്മീഷൻ സമയത്ത് ഹാജരാകുന്നതിന് എല്ലാ സ്ഥാനാർത്ഥികൾക്കും അവരുടെ ഏജന്റുമാർക്കും കത്ത് നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂം സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ രാവിലെ 8 മണിക്ക് തുറന്ന് മെഷീനുകൾ കമ്മീഷനിങ്ങിനായി ഹാളുകളിൽ എത്തിച്ചു.
ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കിയതിനുശേഷം മോക്ക് പോൾ ചെയ്ത് പരിശോധിക്കും. അതിനുശേഷം ക്ലിയർ ചെയ്ത് ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും ഒരുമിച്ചാക്കി സ്റ്റിക്കർ പതിപ്പിക്കും. കമ്മീഷനിംഗ് ചെയ്ത മെഷീനുകൾ അതാത് സ്ട്രോങ്ങ് റൂമുകളിൽ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തിരികെ വെച്ച് സ്ട്രോങ്ങ് റൂം സീൽ ചെയ്തു സൂക്ഷിക്കും.