തിരുവനന്തപുരം : എഐ മെറ്റാ കൂളിങ് ഗ്ലാസുമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സിങ്കപ്പൂർ പൗരൻ തിരു നീപ്പനെ(49) പോലീസ് പിടികൂടി. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം.
കണ്ണാടിയിൽ ക്യാമറ ഘടിപ്പിച്ച മെറ്റ കൂളിങ് ഗ്ലാസുമായാണ് ഇയാൾ ക്ഷേത്രദർശനത്തിന് എത്തിയത്. ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെത്തുടർന്ന് ഇയാളെ പരിശോധിച്ചപ്പോഴാണ് ക്യാമറ പിടികൂടുന്നത്. തുടർന്ന് ഫോർട്ട് പോലീസിനു കൈമാറി.
അതിസുരക്ഷയുള്ള ക്ഷേത്രത്തിൽ ഇലക്ട്രോണിക് സാധനങ്ങൾക്കെല്ലാം നിയന്ത്രണമുള്ള കാര്യം അറിയില്ലായിരുന്നുവെന്ന് പോലീസിനോട് ഇയാൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.