കേരളത്തിലെ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്; സ്‌കിന്‍ പ്രോസസിംഗ് തുടങ്ങി

IMG_20251223_180515_(1200_x_628_pixel)

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു.

പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചര്‍മ്മം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കല്‍ പ്രോസസിംഗിന് ശേഷം അത്യാവശ്യമുള്ള രോഗികള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയിലൂടേയും നൂതന സാങ്കേതികവിദ്യയോടെയും ചര്‍മ്മം വച്ച് പിടിപ്പിക്കുന്നു.

അപകടത്താലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. പുതിയ ചര്‍മ്മം പരിക്കേറ്റ ഭാഗത്ത് ഒരു കവചം നല്‍കുന്നു. മാത്രമല്ല അണുബാധ കുറയ്ക്കാനും വേദന കുറയ്ക്കാനും ധാതുനഷ്ടവും ലവണ നഷ്ടവും കുറയ്ക്കാനും സാധിക്കുന്നു.

അപകടത്താലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ലോകോത്തര ചികിത്സ ഉറപ്പ് വരുത്താനാണ് സ്‌കിന്‍ ബാങ്ക് സജ്ജമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 6.75 കോടി ചെലവഴിച്ചാണ് ബേണ്‍സ് യൂണിറ്റിനോടൊപ്പം സ്‌കിന്‍ ബാങ്ക് സജ്ജമാക്കിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സ്‌കിന്‍ ബാങ്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.

അവയവദാനത്തില്‍ പലരും ചര്‍മ്മം നല്‍കാന്‍ മടിച്ചതാണ് ചര്‍മ്മം ലഭിക്കാന്‍ ഇത്രയേറെ വൈകിയത്. മൃതദേഹത്തിന് ഒരു വൈരൂപ്യവും ഉണ്ടാക്കാത്ത രീതിയിലാണ് ചര്‍മ്മം എടുക്കുന്നത്. തുടയുടെ പുറകില്‍ നിന്നും ഉള്‍പ്പെടെ പുറത്ത് കാണാന്‍ സാധിക്കാത്ത ഭാഗങ്ങളില്‍ നിന്നാണ് ചര്‍മ്മം എടുക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 വയസ്) ബന്ധുക്കള്‍ തീവ്രദു:ഖത്തിലും എടുത്ത തീരുമാനമാണ് നിര്‍ണായകമായത്. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോ. പ്രേംലാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് ചര്‍മ്മം ഹാര്‍വെസ്റ്റ് ചെയ്തത്. ഇത് ചര്‍മ്മത്തിന്റെ കേടുപാടനുസരിച്ച് ഒന്നോ അതിലധികം ആള്‍ക്കാര്‍ക്കോ വച്ച് പിടിപ്പിക്കാന്‍ സാധിക്കും.

ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങള്‍ മാറ്റിവെയ്ക്കുന്നതിനായി ദാതാക്കളില്‍ നിന്ന് ശേഖരിക്കുന്ന ചര്‍മ്മം സൂക്ഷിക്കുന്ന ഇടമാണ് സ്‌കിന്‍ ബാങ്ക്. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളേജുകളിലെ ബേണ്‍സ് ഐസിയുവില്‍ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധയേല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. 10 ശതമാനത്തിലധികം പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ബേണ്‍സ് ഐസിയുവിലൂടെ നല്‍കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!