തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ റണ്ണൊഴുകിയ പിച്ചിൽ ശ്രീലങ്കയെ 30 റൺസിന് തകർത്ത് നാലാം ടി 20 യിലും ഇന്ത്യയ്ക്ക് ജയം.
ആവേശവും ആകാംക്ഷയും നിറഞ്ഞ നാലാം മത്സരവും സ്വന്തമാക്കിയതോടെ ഇന്ത്യ 4-0 ന് പരമ്പര മുന്നിലെത്തി. ഓപ്പണർമാരായ സ്മൃതി മന്ദനയുടെയും ഷഫാലി വർമ്മയുടെയും തകർപ്പൻ അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതിയും ഷഫാലിയും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ പന്ത് മുതൽ ലങ്കൻ ബൗളർമാരെ കടന്നാക്രമിച്ച ഇരുവരും പവർപ്ലേയിൽ തന്നെ 61 റൺസ് അടിച്ചുകൂട്ടി. മത്സരത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് എന്ന നേട്ടവും സ്മൃതി മന്ദന പിന്നിട്ടു. ടി-20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരും ചേർന്ന് 162 റൺസാണ് നേടിയത്.
ഷഫാലി വർമ്മ ഈ പരമ്പരയിൽ നേടുന്ന മൂന്നാം അർധസെഞ്ച്വറിയാണിത്. 46 പന്തിൽ 79 റൺസെടുത്ത ഷഫാലിയെ പുറത്താക്കി നിമാഷ മിപാഗെയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ 48 പന്തിൽ 80 റൺസുമായി സ്മൃതിയും മടങ്ങി.
അവസാന ഓവറുകളിൽ റിച്ച ഘോഷ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 220 കടത്തിയത്. വെറും 16 പന്തിൽ നിന്ന് 40 റൺസുമായി റിച്ചയും 10 പന്തിൽ നിന്ന് 16 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 221 എന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. ജെമീമ റോഡ്രിഗ്രസിനും ക്രാന്തി ഗൗഡിനും പകരം ഹർലിൻ ഡിയോളും അരുന്ധതി റെഡ്ഡിയും ടീമിൽ ഇടം പിടിച്ചിരുന്നു.
222 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക തുടക്കത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ചു. 5 ഓവറിൽ തന്നെ അവർ 50 റൺസ് കടന്നു. 33 റൺസെടുത്ത ഹാസിനി പെരേരയെ പുറത്താക്കി അരുന്ധതി റെഡ്ഡിയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു (52) അർധസെഞ്ച്വറിയുമായി പൊരുതിയെങ്കിലും 12-ാം ഓവറിൽ വൈഷ്ണവി ശർമ ചമാരിയെ പുറത്താക്കിയതോടെ ലങ്കയുടെ പതനം തുടങ്ങി. പിന്നാലെ വന്ന ഇമേഷ ദുലാനി, ഹർഷിത സമര വിക്രമ, നിലാക്ഷി ഡി സിൽവ, രശ്മിക എന്നിവരുടെ വിക്കറ്റുകൾ തുടരെ നഷ്ടമായതോടെ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. പരമ്പരയിലെ അവസാന മത്സരം ഡിസംബർ 30 നു നടക്കും.