കണിയാപുരത്ത് ലഹരിവേട്ട; ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ 7 പേർ പിടിയിൽ

IMG_20260101_120326_(1200_x_628_pixel)

തിരുവനന്തപുരം:പുതുവത്സരദിനത്തിൽ തിരുവനന്തപുരം കണിയാപുരത്ത് ലഹരിവേട്ട. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും അടക്കം ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേരെ പോലീസ് പിടികൂടി.

കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ (34) ബിഡിഎസ് വിദ്യാർഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27) നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29) കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29) തൊളിക്കോട് സ്വദേശി അജിത്ത് (30) പാലോട് സ്വദേശിനി അൻസിയ (37) കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്.

കണിയാപുരം തോപ്പിൽ ഭാഗത്തെ വാടകവീട്ടിൽനിന്നാണ് ഇവരെ ലഹരിമരുന്നുമായി പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ വിഗ്‌നേഷ് ദത്തൻ എംബിബിഎസ് ഡോക്ടറാണ്. ഹലീന ബിഡിഎസ് വിദ്യാർഥിനിയും അവിനാഷ് ഐടി ജീവനക്കാരനുമാണ്. അസിം, അജിത്ത്, അൻസിയ, എന്നിവർ മുൻപ് നിരവധി ലഹരിക്കേസുകളിൽ പ്രതികളായവരാണ്. ഇവർ മൂന്നുപേരുമാണ് ബെംഗളൂരുവിൽനിന്ന് ലഹരിമരുന്ന് എത്തിച്ച് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും വിതരണം ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം രാത്രി അസിമിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽ പോകുന്നതിനിടെ പോലീസ് പിടികൂടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇവർ പോലീസ് ജീപ്പിൽ കാറിടിപ്പിച്ചശേഷം കടന്നുകളഞ്ഞു. തുടർന്ന് ഇവർ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരത്തെത്തുടർന്നാണ് പോലീസ് വീട് വളഞ്ഞ് പ്രതികളെ പിടികൂടിയത്. പ്രതികളിൽനിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഹൈബ്രിഡ് കഞ്ചാവിന് ഗ്രാമിന് മൂവായിരം രൂപയോളമാണ് വില. പ്രതികളുടെ രണ്ട് കാറുകൾ, രണ്ട് ബൈക്കുകൾ, പത്ത് മൊബൈൽഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കഠിനംകുളം പോലീസിന് കൈമാറി.

റൂറൽ എസ്പിയുടെ നിർദേശപ്രകാരം നാർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എസ്‌ഐമാരായ ഓസ്റ്റിൻ, ഫയാസ്, ഗ്രേഡ് എസ് ഐമാരായ സതികുമാർ, അനൂപ്, സീനിയർ സിപിഒമാരായ ഉമേഷ് ബാബു, അനീഷ്, അഖിൽ, രാജേഷ്, രാജീവ്, റിയാസ്, ഷിജു, നന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!