നെയ്യാറ്റിൻകര :ഒരു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ, പിതാവിനെ 18 മണിക്കൂർ ചോദ്യംചെയ്ത ശേഷം പൊലീസ് വിട്ടയച്ചു.
കുഞ്ഞിന്റെ മാതാവിനെ 2 തവണയായി 6 മണിക്കൂറോളം ചോദ്യംചെയ്തു. കാഞ്ഞിരംകുളം തവ്വാവിള ഷിജിൽ ഭവനിൽ ഷിജിൽ–കൃഷ്ണപ്രിയ ദമ്പതികളുടെ ഏകമകൻ ഇഹാൻ(അപ്പു) ആണ് വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ മരിച്ചത്.
ബിസ്കറ്റും മുന്തിരിയും കഴിച്ചതിനു പിന്നാലെയാണു കുഞ്ഞു മരിച്ചതെന്ന് രക്ഷിതാക്കൾ പൊലീസിനു മൊഴിനൽകിയിരുന്നു. തുടർന്നുണ്ടായ സംശയങ്ങൾ മാറ്റാനാണു കുഞ്ഞിന്റെ പിതാവിനെയും മാതാവിനെയും ചോദ്യം ചെയ്തത്. ഇവരെ ഒരുമിച്ചിരുത്തിയും പ്രത്യേകമായും വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ഷിജിലിനെതിരെ കൃഷ്ണപ്രിയയുടെ ബന്ധുക്കൾ മുൻപ് പൂവാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
പിണക്കത്തിലായിരുന്ന ഭാര്യയെ, ഒന്നര മാസം മുൻപാണ് ഷിജിൽ വീട്ടിലേക്കു വിളിച്ചുകൊണ്ടു പോയത്. കുഞ്ഞ് നിലത്തു വീണോയെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു രക്ഷിതാക്കളുടെ മറുപടി.
ഇടക്കാലത്ത് ഇഹാൻ വീണു വലതുകൈ ഒടിഞ്ഞിരുന്നു. മരിക്കുമ്പോഴും വലതു കയ്യിൽ പ്ലാസ്റ്റർ ഉണ്ടായിരുന്നു. കുഞ്ഞ് കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ സാംപിൾ, ഫൊറൻസിക് വിദഗ്ധർ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെയും ഫലവും വരാനുണ്ട്.