തിരുവനന്തപുരം: ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും ഉണരുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഔദ്യോഗിക തുടക്കമായി.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ടാതിഥിയായി പ്രശസ്ത ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് സി.എ. സനിൽ കുമാർ എം.ബിക്ക് കൈമാറി ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ക്രിക്കറ്റ് പ്രേമികൾക്കും വിദ്യാർത്ഥികൾക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണാൻ സുവർണ്ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് മത്സരം കാണാം. കൂടാതെ അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമാണ് നിശ്ചിയച്ചിരിക്കുന്ന നിരക്കുകൾ. ആരാധകർക്ക് Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.