കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ കൂടുതൽ നടപടി വേണം: ജില്ലാ വികസന സമിതി

IMG_20260131_235532_(1200_x_628_pixel)

തിരുവനന്തപുരം:വേനൽക്കാലമായതോടെ ജില്ലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാവികസന സമിതി യോഗത്തിൽ തിരൂമാനമായി.

തീരദേശ പ്രദേശങ്ങളിൽ പലയിടങ്ങളിലും ജലക്ഷാമം നേരിടുന്നുണ്ട്. അമീബിക് മസ്തിഷകജ്വരം വ്യാപകമാകുന്ന സാഹചര്യത്തിൽ കുളങ്ങളും തോടുകളും ജലാശയങ്ങളും അടിയന്തര പ്രാധാന്യത്തോടെ വൃത്തിയാക്കണം. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കും വാഹനം കഴുകുന്നതിനും കുടിവെള്ളം ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തണമെന്നും യോഗം നിർദേശിച്ചു.

കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിന് വനം വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജില്ലാതല നയിന്ത്രണ സമിതിയുടെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും തിരുമാനിച്ചു. വികസന സമിതിയിൽ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് മതിയായ പ്രാധാന്യം നൽകണമെന്ന് ജില്ലാതല ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി.

തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലങ്ങളിലെയും വട്ടിയൂർക്കാവ്, വർക്കല നിയമസഭാ മണ്ഡലങ്ങളിലെയും വികസന പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി യോഗത്തിൽ വിലയിരുത്തി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ മേലേക്കടവ് ടൂറിസം പദ്ധതി, പട്ടം ഫ്ലൈ ഓവർ, പേരൂർക്കട മേൽപ്പാലം, പട്ടയ വിതരണം, വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം തുടങ്ങിയവയുടെ പുരോഗതി വി കെ പ്രശാന്ത് എം എൽ എ വിലയിരുത്തി.

 

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ കുന്നുകുഴി വാർഡിലെ ബ്രിഗേഡ് ലൈൻ മുതൽ ആർ സി ജംഗ്ഷൻ, ആർ സി കോളനി വരെയുള്ള മേഖലയിൽ അപകടകരമായി താഴ്ന്നു നിൽക്കുന്ന ഇലക്ട്രിക് ലൈനുകൾ മാറ്റി കവേർഡ് കേബിൾ സ്ഥാപിക്കുന്നത്, മ്യൂസിയം പൊലീസ് സ്റ്റേഷനുമുന്നിലെ റോഡ് കയ്യേറ്റം ഒഴിപ്പിക്കൽ, മറ്റു വകുപ്പുകളുമായി ചേർന്നുള്ള വൺ ഹെൽത്ത് സംവിധാനത്തിന്റെ പ്രവർത്തനം തുടങ്ങിയവയുടെ പുരോഗതി ശശി തരൂർ എം പിയുടെ പ്രതിനിധി വിലയിരുത്തി.

 

വെഞ്ഞാറമൂട് മേൽപ്പാലത്തിന്റെ നിർമ്മാണം, ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ മതിയായ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കൽ, കഠിനംകുളം കായലിലെ മണലും ചെളിയും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളുടെ പുരോഗതി തുടങ്ങിയവ അടൂർ പ്രകാശ് എം പിയുടെ പ്രതിനിധിയും വർക്കല ജി എച്ച് എൽ പി എസ് സ്‌കൂളിലെ കെട്ടിട നിർമ്മാണം, മൈതാനം ബസ് വെയിറ്റിംഗ് ഷെഡിന്റെ നിർമ്മാണം, അംബേദ്കർ സ്വയം പര്യാപ്തത ഗ്രാമം പദ്ധതിയുടെ പുരോഗതി തുടങ്ങിയവ ജോയി എം എൽ എയുടെ പ്രതിനിധിയും വിലയിരുത്തി.

 

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ ഡി എം വിനീത് ടി കെ, ജില്ലാ പ്ലാനിംഗ് ഓഫീസർ പ്രവീൺ പി, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!