തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഹരിത ചട്ടം പൂർണമായും പാലിക്കുന്നത് കർശനമാക്കാൻ ജില്ലാ ശുചിത്വ മിഷൻ.
ഒറ്റ തവണ ഉപയോഗത്തിലുള്ള നിരോധിത വസ്തുക്കൾ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഉടനീളം പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.
സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നിരോധിത അലങ്കാര വസ്തുക്കളും ഫ്‌ളക്സ് ബോര്‍ഡുകളും പിടിച്ചെടുത്തു. ഫ്ലക്സ് ബോര്‍ഡുകളുടെ വ്യാപക ഉപയോഗം നിയന്ത്രിക്കുന്നതിനായി ജില്ലയിലെ ഫ്ളക്സ് പ്രിന്റിങ് സ്ഥാപനങ്ങളില്‍ പ്രത്യേക പരിശോധനാ സംഘങ്ങള്‍ ഊര്‍ജിത പരിശോധന നടത്തും. നഗരപ്രദേശങ്ങളില്‍ ഈ പരിശോധനകള്‍ ശക്തമാക്കുന്നതിനായി ജില്ലാ ശുചിത്വ മിഷനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ ‘ഭക്തിക്ക് വൃത്തി മുഖ്യം’ എന്ന മെഗാ ക്യാമ്പയിനിന്റെ ബ്രോഷർ ജില്ലാ കളക്ടര്‍ അനു കുമാരി പ്രകാശനം ചെയ്യ്തു. ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ അരുണ്‍ രാജ് പി എന്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ സുജ പി എസ്, അനുശ്രീ എല്‍.എസ് എന്നിവര്‍ പങ്കെടുത്തു.
ഭക്ഷണ വിതരണക്കാര്‍, താല്‍ക്കാലിക സ്റ്റാള്‍ ഉടമകള്‍ എന്നിവര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്സുകള്‍ ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടത്തി. വിവിധ തലങ്ങളിലായി റെസിഡന്‍സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഭക്തിക്ക് വൃത്തി മുഖ്യം’ ക്യാമ്പയിന്‍ നടത്തും. കൂടാതെ എൽഇഡി ഡിസ്പ്ലേയുള്ള വാഹനം നഗര പ്രദേശങ്ങളില്‍ ശുചിത്വ പൊങ്കാല സന്ദേശവുമായി യാത്ര നടത്തും.