തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 2025 ഡിസംബറിൽ അധികാരത്തിലെത്തിയ പുതിയ ഭരണ സമിതിയുടെ ആദ്യ ബജറ്റാണിത്.
പരിസ്ഥിതിയെ മുറിപ്പെടുത്താത്ത വികസനം, പുത്തൻ തൊഴിലവസരങ്ങൾ, മികച്ച വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രത്യേക കരുതൽ നൽകുന്നതാണ് പുതിയ ബജറ്റ്.
എല്ലാ മേഖലകളേയും സ്പർശിച്ചുകൊണ്ടുള്ള സമഗ്ര ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി പറഞ്ഞു. ഭിന്നശേഷിക്കാർക്കും വിദ്യാർത്ഥികൾക്കും ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക പദ്ധതികളുണ്ട്. ഈ വർഷം വനിതാ ഫെസ്റ്റും സ്കൂൾ ശാസ്ത്രമേളയും സംഘടിപ്പിക്കും. പാലോട് മിനി വ്യവസായ പാർക്ക് ആരംഭിക്കും. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 78 സ്കൂളുകളിൽ ഓപ്പൺ ജിം തുറക്കും.
സ്കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് കൗൺസലിംഗ്, ആയുർവേദ ടൂറിസം, നന്ദിയോട് ഡിഅഡിക്ഷൻ സെന്റർ, സ്കൂൾ കൂട്ടികൾക്ക് പാലിയേറ്റീവ് ക്ലബ്, ഫാം ടൂറിസം, നിയമ സാക്ഷരതാ പദ്ധതി എന്നിങ്ങനെ സമഗ്രമായ പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും വി.പ്രിയദർശിനി പറഞ്ഞു.
10,64,94,40,521 രൂപയാണ് ബജറ്റിൻ്റെ ആകെ അടങ്കൽ വരവ്. 10,59,30,63,678 രൂപയാണ് ആകെ അടങ്കൽ ചെലവ്. അഞ്ച് കോടി അറുപത്തി മൂന്ന് ലക്ഷത്തി എഴുപത്തി ആറായിരത്തി എണ്ണൂറ്റി നാല്പത്തി മൂന്ന് രൂപ മിച്ചം വരുന്ന ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി മുരളിയാണ് ബജറ്റ് അവതരിപ്പിച്ചത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമ, ബ്ലോക്ക് ജില്ലാ പഞ്ചായത്തിന്റേതായി 1,39,04,779 ദിനങ്ങൾ സൃഷ്ടിക്കുന്നതിന് 85,514.39 ലക്ഷം രൂപയുടെ ലേബർ ബജറ്റും അവതരിപ്പിച്ചു.
കൃഷി
കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 4 കോടി വകയിരുത്തി. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടം – 55 ലക്ഷം, ചിറയിൻ കീഴ് സംസ്ഥാന വിത്തുല്പാദന കേന്ദ്രം- 15 ലക്ഷം, കേദാരം പദ്ധതി- ഒരു കോടി, കഴക്കൂട്ടം തെങ്ങിൻ തൈ ഉല്പാദന കേന്ദം-14 ലക്ഷം, ഉള്ളൂർ വിത്തുല്പാദന കേന്ദ്രം-9 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. അക്വാപോണിക്സ് കൃഷിക്കും ഹൈടെക് കൃതി രീതികൾക്കും വലിയ പ്രാധാന്യം നൽകും. കർഷരുടെ ഉത്പ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കും. ഗുണമേന്മയുള്ള കറി പൗഡർ ഉത്പ്പന്നങ്ങളെ ട്രാവൻകൂർ പ്യുവർ എന്ന് ബ്രാൻഡ് ചെയ്യും.
വിളകൾക്ക് മികച്ച വില ഉറപ്പാക്കാൻ ജില്ലാ അഗ്രി-ലോജിസ്റ്റിക്സ് നെറ്റ് വർക്ക് “സമൃദ്ധി അഗ്രിലിങ്ക്” എന്ന പേരിൽ ഈ വർഷം നടപ്പിലാക്കും. ഫാം ഫെസ്റ്റിനായി 10 ലക്ഷം വകയിരുത്തി.
വിദ്യാഭ്യാസം
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്കൂളുകളുടെ വാർഷിക അറ്റകുറ്റപ്പണിക്ക് 50 ലക്ഷം വകയിരുത്തി. സ്കൂളുകളിൽ കുട്ടികൾക്കായി ജിംനേഷ്യം സ്ഥാപിക്കുന്നതിന് 1.40 കോടി നീക്കി വെച്ചു.
ആരോഗ്യം
ആരോഗ്യ മേഖലയ്ക്കായി 7 കോടി 80 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സ്നേഹധാര-75 ലക്ഷം, ആശ്വാസ് പദ്ധതി-1.26 ലക്ഷം, കമ്മ്യൂണിറ്റി ഏർലി ഇന്റർവെൻഷൻ സെന്റർ-50 ലക്ഷം വകയിരുത്തി.
പട്ടം താണുപിള്ള ഹോമിയോ ആശുപത്രി-66 ലക്ഷം, വർക്കല ആയുർവേദ ആശുപത്രി-88 ലക്ഷം, നെയ്യാറ്റിൻകര ജനറൽ ആശുപത്രി-2.30 കോടി, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി-1.50 കോടി, നെടുമങ്ങാട് ജില്ലാ ആശുപത്രി-2.50 കോടി, വിതുര താലൂക്ക് ആശുപത്രി-56 ലക്ഷം എന്നിങ്ങനെ ബജറ്റിൽ തുക വിലയിരുത്തി.
പൊതുമരാമത്ത്
2026-27 സാമ്പത്തിക വർഷത്തിൽ സ്പിൽ ഓവർ പദ്ധതികൾ ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 40 കോടി രൂപ വകയിരുത്തി. റോഡ് നവീകരണം, കെട്ടിട നവീകരണം, മറ്റ് നവീകരണ പ്രവർത്തനങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.
പാർപ്പിടം
പാർപ്പിട പദ്ധതിക്കായി 17 കോടി രൂപ ബജറ്റിൽ വകയിരുത്തി
മാലിന്യ നിർമ്മാർജ്ജനം
മാലിന്യമുക്ത നവകേരളം പദ്ധതിക്ക് രണ്ട് കോടി വകയിരുത്തി. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ അഞ്ച് കോടി രൂപ ചെലവിൽ ഫേക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കും. വർക്കല ആയുർവേദ ആശുപത്രിയിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി. പാഴ്ഭൂമികളെ ശാസ്ത്രീയ മാലിന്യ സംസ്കരണ കേന്ദ്രങ്ങളാക്കി മാറ്റും.
മൃഗസംരക്ഷണം
ചെറ്റച്ചൽ ജഴ്സി ഫാം, വിതുര ജഴ്സി ഫാം, പാറശ്ശാല പന്നിവളർത്തൽ കേന്ദ്രം എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി ആറ് കോടി ചെലവഴിക്കും. പോർട്ടബിൾ എബിസിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ നീക്കിവെച്ചു. ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ചെമ്മരുതി എബിസി സെന്ററിന്റെ പ്രവർത്തനം ഈ വർഷം ആരംഭിക്കും. ഇവിടെ ഉപകരണങ്ങൾ വാങ്ങുന്നതിനും പ്രവർത്തനങ്ങൾക്കുമായി 50 ലക്ഷം വകയിരുത്തി. കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി-25 ലക്ഷം, മൃഗസംരക്ഷണ പദ്ധതികൾ-4.78 കോടി, റാബിസ് മുക്ത തിരുവനന്തപുരം-10 ലക്ഷം, പേവിഷ നിർമ്മാർജ്ജനം-5 ലക്ഷം, എബിസി പ്രോഗ്രാം-5 ലക്ഷം, ഇ-വെറ്ററിനറി സേവനം-10 ലക്ഷം, എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ജില്ലയിൽ മുട്ട സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ചെറ്റച്ചൽ ഹാച്ചറി യൂണിറ്റിന് 5 ലക്ഷം രൂപ നൽകും.
ക്ഷീരവികസനം
ക്ഷീരസമൃദ്ധി പദ്ധതിയ്ക്ക് ഒരു കോടി അമ്പത് ലക്ഷം രൂപയും കാലിത്തീറ്റ സബ്സിഡി നൽകുന്നതിന് 50 ലക്ഷം രൂപയും വകയിരുത്തി.
മത്സ്യമേഖല
മത്സ്യമേഖലയ്ക്ക് ബജറ്റിൽ 93.50 ലക്ഷം രൂപയും മത്സ്യക്കുഞ്ഞ് നിക്ഷേപത്തിന് 5 ലക്ഷം രൂപയും കൂട് മത്സ്യകൃഷിയ്ക്ക് 25 ലക്ഷം രൂപയും വകയിരുത്തി. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള മത്സ്യം ഉറപ്പാക്കുന്നതിന് ആധുനിക മൊബൈൽ മത്സ്യവിപണന യൂണിറ്റുകൾ ജില്ലയിൽ നടപ്പിലാക്കും. ഇതിനായി 50 ലക്ഷം രൂപ നീക്കിവെച്ചു.
വന്യജീവി സംരക്ഷണം
വനം വകുപ്പിന്റെ സഹകരണത്തോടെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കും.
പ്രാദേശിക സാമ്പത്തിക വികസനം
പ്രാദേശിക സാമ്പത്തിക വികസനത്തിന് 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്ന വനിതാ സംരംഭകർക്കായി 3.50 കോടി രൂപ നൽകും. നെയ്ത്ത് അറിയുന്ന സ്ത്രീകൾക്ക് വിദഗ്ധ പരിശീലനം നൽകുന്നതിന് 4 ലക്ഷം രൂപയും നൽകും. കൈത്തറി സഹകരണ സംഘം-25 ലക്ഷം, പ്രവാസികളുടെ ഗ്രൂപ്പ് സംരംഭം-10 ലക്ഷം, കൈത്തറി സംഘങ്ങൾക്ക് സാധനസാമഗ്രികൾ-25 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.
പട്ടികജാതി പട്ടിക വർഗ്ഗ വികസനം
പട്ടികജാതി പട്ടിക വർഗ്ഗ വികസനത്തിന് 5 കോടി വകയിരുത്തി. പഠനമുറി പദ്ധതിയ്ക്ക് 3 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. വിവിധ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് അപ്രന്റിസ്ഷിപ്പ് പദ്ധതിയ്ക്കും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനും ആറ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പാർപ്പിടത്തിന് 50 ലക്ഷം രൂപയും നൽകും.
വനിതാ വികസനം
വനിതകളുടെ ഉന്നമനത്തിനായി ആറ് കോടി 40 ലക്ഷം രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാഗ്രതാസമിതിയ്ക്ക് 8 ലക്ഷം, ജ്വാല പദ്ധതിയ്ക്ക് 9 ലക്ഷം, സ്നേഹിത പദ്ധതിയ്ക്ക് 25 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
സാമൂഹ്യനീതി
കൊറ്റാമം, വെഞ്ഞാറമൂട് അഗതിമന്ദിരങ്ങളിലെ താമസക്കാർക്കായി 5 ലക്ഷം അനുവദിച്ചു. സ്നേഹസ്പർശം പദ്ധതിയ്ക്ക് 3 കോടി 18 ലക്ഷം രൂപ വകയിരുത്തി.
വയോജന ക്ഷേമം
32 ലക്ഷം രൂപ വയോജന ക്ഷേമപ്രവർത്തനങ്ങൾക്ക് നൽകും. വയോജന കലാമേള നടത്തുന്നതിന് 4 ലക്ഷം നൽകും.
ട്രാൻസ്ജെൻഡർ ക്ഷേമം
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളിൽ ട്രാൻസ്ജെൻഡർ സൗഹൃദ ക്ലിനിക്കുകൾ ആരംഭിക്കും. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തുടർചികിത്സകൾക്കും കൗൺസിലിങ്ങിനും പ്രത്യേക ഫണ്ട് നൽകും. മഴവില്ല് എന്ന പേരിൽ സമഗ്രതൊഴിൽ പദ്ധതി ബജറ്റിൽ വിഭാവനം ചെയ്തു. കറി പൗഡർ യൂണിറ്റുകളുടേയും ഡ്രൈഡ് വാല്യു അഡിഷൻ സെന്ററുകളുടേയും മാനേജ്മെന്റ് ചുമതല ട്രാൻസ്ജെൻഡർ സൊസൈറ്റികൾക്ക് നൽകും. ഇതിനായി 5 ലക്ഷം വകയിരുത്തി.
ലഹരി
ലഹരിയെ പ്രതിരോധിക്കുന്നതിനായി സ്കൂൾ തലത്തിൽ കൗൺസലിംഗ് കേന്ദ്രങ്ങളും ജാഗ്രതാ സമിതികളും സജ്ജമാക്കും.
ജില്ലാ പഞ്ചായത്ത് ഓഫീസ് നവീകരണം
ജില്ലാ പഞ്ചായത്ത് ഓഫീസ് നവീകരണത്തിനായി 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.
ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ.വിജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.