തിരുവനന്തപുരം: ഇന്ധന പ്രതിസന്ധികാരണം നട്ടം തിരിയുന്ന ശ്രീലങ്കയിൽനിന്നുള്ള വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സൗകര്യം നൽകുന്നത് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം വിമാനത്താവളവും സിയാലിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി വിമാനത്താവളവുമാണ്.
ശ്രീലങ്കയിൽനിന്നെത്തിയ തൊണ്ണൂറിലധികം വിമാനങ്ങൾ കഴിഞ്ഞ ഒന്നരമാസത്തിനിടെ തിരുവനന്തപുരത്തുനിന്ന് ഇന്ധനം നിറച്ചതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി. ശ്രീലങ്കൻ എയര്‍ലൈൻസിന്റെ 60 വിമാനങ്ങളും മറ്റുള്ള രാജ്യങ്ങളിലെ വിമാനങ്ങളുമാണ് തിരുവനന്തപുരത്തുനിന്ന് ഇന്ധനം നിറച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനു മാത്രം ഒരു ലക്ഷംരൂപയാണ് ഈടാക്കുന്നത്. ക്രൂ ചെയ്ഞ്ചിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് വിമാനത്തിൽനിന്ന് പുറത്തിറങ്ങാനാകില്ല. വിമാനങ്ങൾക്ക് ശരാശരി ഒരു മണിക്കൂറാണ് അനുമതി നൽകുന്നത്. ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനങ്ങൾ രാത്രിയിലാണ് ഇന്ധനം നിറയ്ക്കാൻ കൂടുതലായും എത്തുന്നത്. ഒരു ദിവസം ശരാശരി മൂന്നു വിമാനങ്ങളെങ്കിലും ഇന്ധനം നിറയ്ക്കാൻ എത്തുന്നുണ്ടെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
