തിരുവനന്തപുരം: ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെ കേരളത്തിൽ എത്തി ഇന്ധനം നിറയ്ക്കുകയാണ് ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾ. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഇതിനകം 141 വിമാനങ്ങളാണ് ശ്രീലങ്കയിൽ നിന്ന് കേരളത്തിലെത്തി ഇന്ധനം നിറച്ചത്. ഇന്ധനം കിട്ടാതായതോടെ കേരളത്തിലെ വിമാനത്താവങ്ങളെ കൂടുതലായി ആശ്രിയിക്കുകയാണ് വിമാനക്കമ്പനികൾ. തിരുവനന്തപുരം അദാനി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയാണ് കൂടുതൽ വിമാനങ്ങളും ഇന്ധനം നിറച്ചത്.
ശ്രീലങ്കൻ എയർലൈൻസിന്റെ 65 വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാൻ തിരുവന്തപുരത്ത് എത്തിയത്. മെൽബൺ, സിഡ്നി, പാരിസ്,ഫ്രാങ്ക്ഫൂർട്ട് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളായിരുന്നു ഇത്. ദുബൈയിലേക്കുള്ള 11 ഫ്ലൈ ദുബൈ ഫ്ലൈറ്റുകൾക്കും, ഷാർജയിലേക്കുള്ള 10 എയർ അറേബ്യ ഫ്ലൈറ്റുകൾക്കും തിരുവനന്തപുരത്ത് നിന്ന് ഇന്ധനം നൽകി. ഒമാൻ എയറിന്റെ ഒൻപത് വിമാനങ്ങൾക്കാണ് ഇന്ധനം നൽകിയത്. ഗൾഫ് എയറിന്റെ ആറ് വിമാനങ്ങൾക്കും ഇന്ധനം നൽകി.
5000 കിലോലീറ്റർ എവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) ആണ് തിരുവനന്തപുരത്ത് നിന്ന് നിറച്ചത്. നാളെ ( ശനിയാഴ്ച) മൂന്ന് വിമാനങ്ങൾ കൂടി തിരുവനന്തപുരത്ത് എത്തി ഇന്ധനം നിറയ്ക്കും. മെയ് 27 മുതൽ തന്നെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി, ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾ ഇന്ധനമടിക്കുന്നുണ്ട്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂൺ 29നാണ് ഇന്ധനം നൽകി തുടങ്ങിയത്.