തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡിനരികിൽ സ്വകാര്യ ഹോട്ടലിന് വാഹന പാർക്കിങ് അനുവദിച്ച തീരുമാനം കോർപറേഷൻ റദ്ദാക്കി. വ്യവസ്ഥകള്‍ ലംഘിച്ചാണ് കരാറെന്ന് കോര്‍പറേഷന്‍ സെക്രട്ടറി പറഞ്ഞു. കരാര്‍ നിയമവിരുദ്ധമെന്ന് പൊതുമരാമത്ത് വകുപ്പും റിപ്പോര്‍ട്ട് നല്‍കി. കോർപറേഷനും സ്വകാര്യ ഹോട്ടലുടമയും തമ്മിൽ വാഹനപാർക്കിങ് സംബന്ധിച്ചുണ്ടാക്കിയ കരാർ നിയമവിരുദ്ധമാണെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കോർപറേഷനോടു വിശദീകരണം തേടി. പൊതുമരാമത്ത് റോഡിന്റെ ഭാഗം പ്രതിമാസം 5000 രൂപയ്ക്കു ഹോട്ടലിനു വാടകയ്ക്ക് നൽകി ഹോട്ടലുടമയും കോർപറേഷൻ സെക്രട്ടറിയും 100 രൂപയുടെ മുദ്രപ്പത്രത്തിൽ കരാറുണ്ടാക്കി ഒപ്പുവയ്ക്കുകയായിരുന്നു.
