കഴക്കൂട്ടം: കഴക്കൂട്ടം സൈനിക സ്കൂളിൽ നടന്നു വന്ന സൗത്ത് സോൺ സൈനിക സ്കൂളുകളുടെ കായിക-സാംസ്കാരിക സമ്മേളനം ഇന്ന് (08 ജൂലൈ) സമാപിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ സമ്മാന വിതരണം ചെയ്തു. കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, വൈസ് – പ്രിൻസിപ്പൽ വിങ് കമാൻഡർ രാജ്കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ്റ്റനെൻ്റ് കേണൽ ഷെല്ലി കെ.ദാസ്, പ്രതിരോധ വക്താവ് ധന്യ സനൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്‌കൂൾ കേഡറ്റ് ക്യാപ്റ്റന്റെ നേതൃത്വത്തിൽ നടന്ന മാർച്ച്‌പാസ്റ്റോടെയാണ് മീറ്റിന്റെ സമാപന ചടങ്ങുകൾ ആരംഭിച്ചത്. മുഖ്യാതിഥി സല്യൂട്ട് സ്വീകരിച്ച് സമ്മേളനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ഇന്നത്തെ ദ്രുതഗതിയിലുള്ള ജീവിതത്തിൽ സ്‌പോർട്‌സിനും ഗെയിമുകൾക്കുമുള്ള പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. സ്‌പോർട്‌സും ഗെയിമുകളും ഗൗരവമായി കാണണമെന്ന് വിദ്യാർത്ഥി സമൂഹത്തോട് ആഹ്വാനം ചെയ്ത അദ്ദേഹം മീറ്റിലെ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും നൽകി. ഇത്തരമൊരു ആഘോഷത്തിന്റെ ഭാഗമായതിന്റെ ആവേശവും അഭിമാനവും പങ്കുവെച്ച അദ്ദേഹം യുവമനസ്സുകളെ കണ്ടുമുട്ടാനുള്ള മികച്ച അവസരമായി ഇതിനെ കണക്കാക്കി.
സൈനിക് സ്‌കൂൾ ബീജാപൂർ ഓവറോൾ ചാമ്പ്യന്മാരായി, കാലിഗിരി സൈനിക് സ്‌കൂൾ റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി. സാഹിത്യ പരിപാടികളുടെ ഭാഗമായി ഇംഗ്ലീഷിൽ കഴക്കൂട്ടം സൈനിക സ്‌കൂളും, ഹിന്ദി സംവാദ മത്സരങ്ങളിൽ കോരുകൊണ്ട സൈനിക സ്‌കൂളും, ക്വിസ് മത്സരത്തിൽ കുടകു സൈനിക സ്‌കൂളും ജേതാക്കളായി.സൗത്ത് സോണിലെ ആറ് സൈനിക സ്‌കൂളുകളിൽ നിന്നുള്ള 432 കേഡറ്റുകൾ ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ഹോക്കി എന്നീ കായിക ഇനങ്ങളിലും, ഇംഗ്ലീഷ്, ഹിന്ദി ഡിബേറ്റ്, ക്വിസ് തുടങ്ങിയ സാഹിത്യ മൽസരങ്ങളിലും, സാംസ്കാരിക മൽസരങ്ങളിലും പങ്കെടുത്തു. മീറ്റിലെ വിജയികൾ പിന്നീട് നടക്കുന്ന ഇന്റർ സോണൽ മീറ്റിൽ സൗത്ത് സോണിനെ പ്രതിനിധീകരിക്കും.