തിരുവനന്തപുരം: മണ്ണന്തലയിൽ യുവാവിനെ സംഘം ചേർന്നു മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കല്ലയം സ്വദേശി വിശാഖിനെ (32) ചുറ്റിക കൊണ്ട് അടിക്കുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. കാറിലെത്തിയ യുവാവിനെ വഴിയിൽ തടഞ്ഞ ശേഷം തട്ടിക്കൊണ്ടുപോയി പോത്തൻകോടിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മർദിക്കുകയായിരുന്നു. അക്രമി സംഘത്തിലെ ഒരാളുടെ ബന്ധുവായ സ്ത്രീയുമായുള്ള യുവാവിന് അടുപ്പമുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് മർദിച്ചതെന്നാണ് വിവരം.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് യുവാവ്.
ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ച ശേഷം യുവാവിനെ റോഡിൽ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. യുവാവിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. വിശാഖിനെ മർദ്ദിച്ച കേസിലെ പ്രതി ശ്രീകാര്യം സ്വദേശി അജികുമാർ (37) റിമാൻഡിൽ കഴിയവേ കുഴഞ്ഞുവീഴുകയും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിക്കുകയും ചെയ്തിരുന്നു.