ആറ്റിങ്ങൽ: പൊറോട്ടയ്‌ക്ക് വില കൂടിയെന്നാരോപിച്ച് കാറിലെത്തിയ അഞ്ചംഗ സംഘം ഹോട്ടലുടമയെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ചു. മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാൻഡ് ഹോട്ടലിൽ കഴിഞ്ഞദിവസം അർദ്ധരാത്രി 12.45ഓടെയാണ് സംഭവം.ഇന്നോവയിലെത്തിയ സംഘം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പണം നൽകിയശേഷം മടങ്ങി. കുറച്ചുസമയത്തിനുള്ളിൽ തിരികെയെത്തിയാണ് ഇവർ ഹോട്ടലുടമ ടിജോയിയെ ആക്രമിച്ചത്. പൊറോട്ടയ്‌ക്ക് 12 രൂപ ഈടാക്കിയത് അമിത വിലയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തലയ്‌ക്ക് പാൽ ട്രേ കൊണ്ടാണ് സംഘം അടിച്ചത്. പരിക്കേറ്റ ടിജോയിയെ ജീവനക്കാർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
