ബോണക്കാട് എസ്റ്റേറ്റ് ലയങ്ങൾ പുതുവർഷ സമ്മാനമായി നൽകും: മന്ത്രി പി രാജീവ്

IMG_20250716_175629_(1200_x_628_pixel)

തിരുവനന്തപുരം:പുതുവർഷ സമ്മാനമായി ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് ലയങ്ങൾ നൽകുമെന്ന് നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി രാജീവ്.

ലയങ്ങളുടെ നവീകരണ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അടഞ്ഞു കിടക്കുന്ന ബോണക്കാട് എസ്റ്റേറ്റ് തുറന്നു പ്രവർത്തിപ്പിക്കാൻ സാധ്യമായത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്ലാൻ്റേഷൻ വകുപ്പിൽ നിന്നുള്ള 2 കോടി രൂപയും തൊഴിൽവകുപ്പ് – പ്ലാൻ്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ടിൽ നിന്നുള്ള 2 കോടി രൂപയും ഉൾപ്പെടെ 4 കോടി രൂപ ചെലവിലാണ് 43ലയങ്ങളുടെ നവീകരണം നടത്തുന്നത്. 186 കുടുംബങ്ങൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. ഡിസംബർ മാസത്തിൽ പണി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

തൊഴിൽ വകുപ്പും വ്യവസായ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. അതിശോചനീയ അവസ്ഥയിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളുടെ ഏറെക്കാലത്തെ വേദനയ്ക്കാണ് പരിഹാരമാകുന്നത്. ഈ സർക്കാർ വന്നതിനുശേഷം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക 50 ശതമാനം കൊടുത്തുതീർക്കാനായെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുക സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും സുരക്ഷിതവും മാന്യവുമായ കിടപ്പാടം സർക്കാർ യഥാർഥ്യമാക്കുമെന്നും അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ജില്ലാ കളക്ടർ അനുകുമാരി പദ്ധതി വിശദീകരിച്ചു. ജി സ്റ്റീഫൻ എം എൽ എ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ ബഹുജന സംഘടനാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജില്ലാ ലേബർ ഓഫീസർ എ ബിജു എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!