തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാതിയിൽ സിബിഐ സംഘം ക്ലിഫ് ഹൗസിലെത്തി തെളിവെടുത്തു. പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് സിബിഐ സംഘം തെളിവെടുക്കുന്നത്. പീഡനപരാതി അന്വേഷിക്കാൻ പൊതുഭരണവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് സംഘം ക്ലിഫ് ഹൗസിലെത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആദ്യമായാണ് സിബിഐ പരിശോധന നടക്കുന്നത്.
സിബിഐയുടെ രണ്ടു സംഘമാണ് ക്ലിഫ് ഹൗസിലെത്തിയത്. സിബിഐയുടെ രണ്ടാമത്തെ സംഘത്തിന്റെ വാഹനത്തിനു പിന്നാലേ ഓട്ടോറിക്ഷയിലാണ് പത്തു മണിയോടെ പരാതിക്കാരി എത്തിയത്. 2012 സെപ്റ്റംബർ 9ന് ക്ലിഫ് ഹൗസിൽവച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതിക്കാരി നൽകിയ പരാതി.
