തിരുവനന്തപുരം : കോർപ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വ്യാജരേഖ ചമച്ചതിന് 17 സ്ത്രീകൾക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. സബ്‌സിഡി ആനുകൂല്യം നൽകിയെന്ന് കോർപ്പറേഷനിൽ രേഖയുള്ളവർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. മേയറുടെ പരാതിപ്രകാരമാണ് നടപടി. പട്ടികജാതി വനിതകൾക്കുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിക്കായി ഇവർ വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്നതാണ് മേയർ നൽകിയിരിക്കുന്ന പരാതി. താലൂക്ക് ഓഫീസിൽ പരിശോധിച്ച് വ്യാജമാണെന്ന് റിപ്പോർട്ട് നൽകിയ സർട്ടിഫിക്കറ്റുകളിലെ പേരുകാരെയാണ് ആദ്യ ഘട്ടത്തിൽ പോലീസ് പ്രതികളാക്കിയിരിക്കുന്നത്. നിർവഹണ ഉദ്യോഗസ്ഥനായ വ്യവസായ വകുപ്പ് എക്‌സ്‌റ്റൻഷൻ ഓഫീസറുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായും പരാതിയിൽ പരാമർശമുണ്ട്.
