വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ വള്ളത്തിന്റെ എൻജിൻ കേടായി ഉൾക്കടലിൽ അകപ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. വിഴിഞ്ഞം സ്വദേശികളായ യേശുദാസ് (48), ജോസഫ് (60), തോമസ് (70) എന്നിവരെയാണ് ഇന്നലെ പുലർച്ചെ കരയ്ക്കെത്തിച്ചത്. ഉൾക്കടലിൽ ശക്തമായ കാറ്റും തിരയുമുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് എസ്.എച്ച്.ഒ എച്ച്. അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ പദ്മകുമാർ, ഗ്രേഡ് എ.എസ്.ഐ സജു, സി.പി.ഒ ജോൺപോൾ രാജ്, കോസ്റ്റൽ വാർഡന്മാരായ സിയാദ്, തദേയൂസ്, ബോട്ട് ജീവനക്കാരായ ജയകുമാർ, ശ്യാം എന്നിവർ ചേർന്നാണ് മത്സ്യത്തൊഴിലാളികളെയും കേടായ വള്ളത്തിനെയും കരയ്ക്കെത്തിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി.
