തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം മുൻ നായകൻ ഒ.കെ.രാംദാസ് അന്തരിച്ചു. തലശ്ശേരി സ്വദേശിയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി ഉൾപ്പെടെ നിരവധി ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്.കേരളത്തിന് വേണ്ടി 35 രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ച രാംദാസ് 11 അർധസെഞ്ചുറികൾ ഉൾപ്പെടെ 1647 റൺസ് നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ 13 സീസണുകളിൽ കേരളത്തിനുവേണ്ടി കളിക്കാൻ താരത്തിന് സാധിച്ചു. 1968 മുതൽ 1981 വരെ കേരള ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമായിരുന്നു.
ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ സീനിയർ മാനേജരായി സേവനമനുഷ്ഠിച്ചു. ഒപ്പം ബാങ്കുമായി ബന്ധപ്പെട്ട് ടൂർണമെന്റുകളിൽ സജീവസാന്നിധ്യമായി. കേരള ക്രിക്കറ്റ് അസോസിയേഷനിലും രാംദാസ് സജീവമായിരുന്നു. കെ.സി.എയുടെ അംഗമായും പിന്നീട് സെലക്ഷൻ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി മാച്ച് റഫറി, ദൂരദർശനിൽ കമന്റേറ്റർ എന്നീ നിലകളിലും രാംദാസ് പ്രശസ്തി നേടി. തലശ്ശേരിക്കാരനാണെങ്കിലും തിരുവനന്തപുരത്താണ് സ്ഥിരതാമസം