തിരുവനന്തപുരം: പേപ്പട്ടി ശല്യത്തെ തുടർന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കൊളജിന് ഇന്ന് അവധി പ്രഖ്യാപിച്ചു. പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന പട്ടി ഇന്നലെ ക്യാമ്പസിനുള്ളിൽ കയറി നിരവധി പട്ടികളെ കടിച്ചിരുന്നു. ഇതേ തുടർന്നാണ് വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സുരക്ഷയെ കരുതി കോളേജിന് അവധി പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു. ക്യാംപസിനകത്തുള്ള പട്ടികളെ പിടികൂടാൻ തിരുവനന്തപുരം നഗരസഭയിൽ നിന്നും ഇന്ന് ജീവനക്കാർ വരുന്നുണ്ട്. പട്ടികളെ എല്ലാം ഇന്ന് തന്നെ പിടികൂടി ക്യാംപിലേക്ക് മാറ്റാനാണ് പദ്ധതി. അതേസമയം കോളേജിന് അവധിയാണെങ്കിലും മുൻനിശ്ചയിച്ച പരീക്ഷകൾക്കും ഓണ്‍ലൈൻ ക്ലാസുകൾക്കും മാറ്റമുണ്ടാവില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചു.
