തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചെള്ളുപനി റിപ്പോർട്ട് ചെയ്യുന്നത് തിരുവനന്തപുരത്ത്. ആരോഗ്യവകുപ്പ് ചെള്ളുപനിയുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയ 2011 മുതൽ ആദ്യവർഷമൊഴിച്ച് എല്ലാ വർഷങ്ങളിലും തിരുവനന്തപുരത്താണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.ഓരോ വർഷവും സ്ഥിരീകരിക്കുന്ന രോഗത്തിന്റെ 80 ശതമാനം വരെ തിരുവനന്തപുരത്താണെന്ന് ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നു. ഈ വർഷം സംസ്ഥാനത്ത് ഇതുവരെ 259 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം മൂന്നുപേർക്ക് രോഗം കണ്ടെത്തിയതിൽ രണ്ടുപേരും തിരുവനന്തപുരത്താണ്.
മരണനിരക്ക് താരതമ്യേന കുറവാണെങ്കിലും രണ്ടുമാസത്തിനിടയിൽ മൂന്നുപേരാണ് ജില്ലയിൽ ചെള്ളുപനിയെത്തുടർന്ന് മരിച്ചത്. ജൂണിൽ വർക്കല സ്വദേശി അശ്വതിയും പരശുവയ്ക്കൽ സ്വദേശി സുബിതയും ചെള്ളുപനിയെത്തുടർന്ന് മരിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ അനുസരിച്ച് ഈ അസുഖത്തിന് കേരളത്തിലെ മരണനിരക്ക് 2-3 ശതമാനമാണ്.മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയിൽ രോഗനിരക്കും മരണനിരക്കും കൂടാനുള്ള കാരണമെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല