കല്ലറ ചന്തയില്‍ മത്സ്യഫെഡിന്റെ പുതിയ ഫിഷ് മാര്‍ട്ട് തുറന്നു

IMG-20220722-WA0014

കല്ലറ  :മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ മേഖലകളിലെ തൊഴിലാളികള്‍ക്കും വരുമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. പുതിയ കാലഘട്ടത്തിനനുസരിച്ച് വൈവിധ്യമാര്‍ന്ന നിരവധി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി സംസ്ഥാനത്തെ മത്സ്യമേഖല മുന്നോട്ട് പോവുകയാണ്. സര്‍ക്കാര്‍ പദ്ധതികള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും സ്വീകരിച്ചുവരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് വിഷരഹിതമായ മത്സ്യം ഉറപ്പാക്കാനാണ് മത്സ്യഫെഡ് ഔട്‌ലെറ്റുകള്‍ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. കല്ലറ ചന്തയില്‍ മത്സ്യഫെഡിന്റെ പുതിയ ഫിഷ് മാര്‍ട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

എല്ലാ നിയമസഭ നിയോജക മണ്ഡലത്തിലും ഒരു ഫിഷ് മാര്‍ട്ട് എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഫിഷ് മാര്‍ട്ട് തുടങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ നാലാമത്തെ ഫിഷ് മാര്‍ട്ടാണ് വാമനപുരം നിയോജകമണ്ഡലത്തില്‍ തുറന്നത്. വിഴിഞ്ഞം, പൂവാര്‍, പൂന്തുറ, മരിയനാട്, പെരുമാതുറ, മുതലപൊഴി എന്നിവിടങ്ങളില്‍ നിന്നും വിവിധ ഫിഷ് ലാന്‍ഡിംഗ് സെന്ററുകളില്‍ നിന്നും മത്സ്യഫെഡ് നേരിട്ടും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ വഴിയുമാണ് ഇവിടെ മത്സ്യം സംഭരിക്കുന്നത്. നെയ്മീന്‍, ആവോലി, വറ്റ, കൊഴിയാള, കരിമീന്‍, മോത, വേളാപാര, ചൂര, ചെമ്മീന്‍, അയല, ചാള തുടങ്ങി 25 ലധികം മത്സ്യ ഇനങ്ങള്‍ ഇവിടെ വില്‍പ്പനയ്‌ക്കെത്തിക്കുന്നു.

 

കടല്‍, കായല്‍ മത്സ്യങ്ങള്‍ക്ക് പുറമെ മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള ഐസ് & ഫ്രീസിങ്ങ് പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ചെമ്മീന്‍, ചൂര, കൂന്തള്‍ എന്നീ മത്സ്യങ്ങളുടെ അച്ചാറുകള്‍, മീന്‍കറിക്കൂട്ടുകള്‍, ചെമ്മീന്‍ ചമ്മന്തി പൊടി, ചെമ്മീന്‍ റോസ്റ്റ് തുടങ്ങിയ ഉല്‍പന്നങ്ങളും മാര്‍ട്ടില്‍ ലഭ്യമാണ്.

 

ജീവിതശൈലി രോഗങ്ങളായ അമിതവണ്ണം, കൊളസ്‌ട്രോള്‍ എന്നിവ കുറക്കുന്നതിന് മത്സ്യഫെഡ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ‘കൈറ്റോണ്‍’ ഉം ഇവിടെ നിന്ന് വാങ്ങാം. ശീതീകരിച്ച ഫിഷ് മാര്‍ട്ടില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മത്സ്യം വെട്ടി വൃത്തിയാക്കി വാങ്ങാനുള്ള സൗകര്യവുമുണ്ട്.

 

ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജി.ജെ, വൈസ് പ്രസിഡന്റ് നജിന്‍ഷാ എസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം റാസി , ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മത്സ്യഫെഡ് ചെയര്‍മാന്‍ റ്റി.മനോഹരന്‍, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ട് തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!