മാലിന്യം മാറി, 3000 സ്‌നേഹാരാമങ്ങള്‍ പൂവിടും

IMG_20240124_232706_(1200_x_628_pixel)

തിരുവനന്തപുരം:മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച മൂവായിരം സ്‌നേഹാരാമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും സംയുക്ത സമര്‍പ്പണവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു.

കേരളത്തിലെ മൂവായിരത്തോളം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളെ ശുചീകരിച്ചു സൗന്ദര്യവല്‍ക്കരണം നടത്തുക, പൊതു നിരത്തുകളില്‍ മാലിന്യ നിക്ഷേപത്തിനെതിരെ അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തിലാണ് സ്‌നേഹാരമങ്ങളൊരുക്കിയത്.

സേവനസന്നദ്ധതയും സാമൂഹിക പ്രതിബദ്ധതയും ഊട്ടിവളര്‍ത്തി വിദ്യാര്‍ത്ഥികളെ യഥാര്‍ത്ഥ സാമൂഹ്യജീവികളായി പരുവപ്പെടുത്തുന്നതില്‍ നാഷണല്‍ സര്‍വീസ് സ്‌കീം വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമെന്ന് മന്ത്രി പറഞ്ഞു.മാലിന്യ സംസ്‌കരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി എന്‍. എസ്. എസ് വോളന്റീയര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മാലിന്യ മുക്ത നവകേരളം നിര്‍മ്മിക്കാനായി നടത്തുന്ന കൂട്ടായ ശ്രമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഇടപെടലാണ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സ്‌നേഹാരാമങ്ങള്‍ ഭംഗിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുജനങ്ങള്‍ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു പ്രദേശമോ വൃത്തിഹീനമായി കിടക്കുന്ന പൊതുസ്ഥലമോ ഏറ്റെടുത്ത് മാലിന്യമുക്തമാക്കി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എന്‍.എസ്.എസ് യൂണിറ്റുകള്‍ തങ്ങളുടെ തൊട്ടടുത്തുള്ള പൊതുസ്ഥലങ്ങളിലും, ദത്തുഗ്രാമങ്ങളിലും ആണ് സ്നേഹാരാമങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. പൊതുയിടങ്ങളില്‍ സ്‌നേഹാരാമങ്ങള്‍ നിര്‍മിച്ച വഴുതക്കാട് ഗവണ്‍മെന്റ് വിമണ്‍സ് കോളേജിലെ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ക്കും എസ്.എം.വി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഭരണഘടനയുടെ ആമുഖം മന്ത്രിമാര്‍ കൈമാറി.

 

തിരുവനന്തപുരം വഴുതക്കാട് ഗവണ്‍മെന്റ് വിമണ്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ്, മാലിന്യ സംസ്‌കരണം അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യപ്രഭാക്ഷണം നടത്തി. സ്റ്റേറ്റ് എന്‍എസ് എസ് ഓഫീസര്‍ ഡോ. അന്‍സര്‍ ആര്‍. എന്‍, എന്‍ എസ് എസ് റീജിയണല്‍ ഡയറക്ടര്‍ പി.എന്‍ സന്തോഷ്, ഗവണ്‍മെന്റ് വിമണ്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനുരാധ വി.കെ, കേരള സര്‍വ്വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍ ഡോ. ഷാജി.എ, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!