തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിൽ ആരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു. നേമം താലൂക്ക് ആശുപത്രിയിലായിരുന്നു പരിപാടികൾ നടന്നത്. തിരുവനന്തപുരത്തെ അർബൺ ഹെൽത്ത് സെന്റർ രാവിലെ എട്ട് മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കും. 14 കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഒരുക്കും. ഇവിടേക്ക് അധികമായി ഒരു ഡോക്ടറെ നഗരസഭ നിയമിക്കും. കോർപറേഷൻ പരിധിയിൽ പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ എണ്ണം പത്തായിരുന്നത് 16 ആക്കി ഉയർത്തി. നേമം താലൂക്ക് ആശുപത്രിയിൽ ഒരു ആംബുലൻസ് കൂടെ ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് മരുന്ന് വിതരണത്തിന് കലണ്ടർ തയ്യാറാക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കേരള മെഡിക്കൽ സർവീസസ് കോർപറേഷന് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകും. ഓഗസ്റ്റ് മുതൽ കലണ്ടർ തയ്യാറാക്കും. എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്ന് സ്റ്റോക്കുണ്ട്. സ്റ്റോക്ക് പൂർണമായും തീരുന്നതിന് മുമ്പ് മരുന്ന് വിതരണം ചെയ്യുന്ന നിലയിൽ സംവിധാനം ക്രമീകരിക്കും. ഇപ്പോൾ ആവശ്യത്തിലധികം മരുന്ന് വിതരണം ചെയ്യുന്ന സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാനും മരുന്നുകളുടെ കൃത്യമായ ലഭ്യത ഉറപ്പാക്കാനുമാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. അതത് ആശുപത്രികളിലെ ഡോക്ടർമാർക്കായിരിക്കും മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനുള്ള ചുമതല.