തിരുവനന്തപുരം : കനത്ത മഴ തീരദേശത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു തടസ്സമായി.
ജില്ലയിലെ വിവിധ തീരപ്രദേശങ്ങളിലാണു മുങ്ങിയ കപ്പലിലുണ്ടായിരുന്ന സാധനങ്ങൾ അടിഞ്ഞിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സംയുക്തമായാണു ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയശേഷം മാലിന്യം നീക്കംചെയ്യുകയാണ് ചെയ്യുന്നത്. അഗ്നിരക്ഷാ സേനയുടെ സിവിൽ ഡിഫൻസ് വൊളന്റിയർമാരാണ് ഇതിൽ മുഖ്യപങ്ക് വഹിക്കുന്നത്.
ജില്ലയിലെ വിവിധ തീരപ്രദേശങ്ങൾ അതത് മേഖലയിലെ മുഖ്യ അഗ്നിരക്ഷാ നിലയങ്ങളിലെ ഓഫീസർമാരുടെ മേൽനോട്ടത്തിൽ സിവിൽ ഡിഫൻസ് വൊളന്റിയർമാരെ ഉപയോഗിച്ചാണു ശുചീകരിക്കുന്നത്.