തിരുവനന്തപുരം: ദീര്‍ഘദൂര സർവീസുകള്‍ക്കായി രൂപീകരിച്ച സ്വിഫ്റ്റ് ഹ്രസ്വദൂര സർവീസുകളിലേക്കും ചുവടുവയ്ക്കുന്നു. ഇതിൻ്റെ ആദ്യ പടിയായി തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവീസ് ഉടന്‍ സ്വിഫ്റ്റിന്‍റെ ഭാഗമാകും. ദീര്‍ഘദൂര ബസ്സുകള്‍ക്കായുള്ള പുതിയ സ്വതന്ത്ര കമ്പനി എന്നാണ് ആരംഭഘട്ടത്തിൽ സ്വിഫ്റ്റിനെ കെഎസ്ആർടിസി മാനേജ്മെന്റ് വിശേഷിപ്പിച്ചത്. കേരളത്തിന് പുറത്തേക്കുള്ള എസി സർവീസുകളിൽ മാത്രം കൈവച്ചുണ്ടായിരുന്നു പുതിയ കമ്പനിയുടെ തുടക്കവും.എന്നാൽ പ്രവർത്തനം തുടങ്ങി മൂന്ന് മാസമാകുമ്പോൾ തന്നെ ലോക്കൽ സർവീസുകളിലേക്കും സ്വിഫ്റ്റ് കടന്നു വരികയാണ്.
കെഎസ്ആർടിസിയുടെ വിനോദ സഞ്ചാര പാക്കേജിന് പിന്നാലെ ഹ്രസ്വദൂര സർവീസുകളെയും സ്വിഫ്റ്റ് ലക്ഷ്യമിട്ട് കഴിഞ്ഞു.ഇതിൻ്റെ ആദ്യ ഘട്ടമായാണ് ലണ്ടൻ മോഡലിൽ തിരുവനന്തപുരത്ത് തുടങ്ങിയ സിറ്റി സർക്കുലർ സർവീസിലേക്ക് സ്വിഫ്റ്റ് എത്തുന്നത്. സിറ്റി സർക്കുലർ ലാഭകരമാക്കാൻ എത്തിക്കുന്ന 50 ഇലക്ട്രിക് ബസ്സുകളും വാങ്ങുന്നത് സ്വിഫ്റ്റിന്റെ പേരിലാണ്. ഇതിൻ്റെ ഭാഗമായ അഞ്ച് ഇ ബസ്സുകൾ എത്തിക്കഴിഞ്ഞു. ഉടൻ തന്നെ സർക്കുലർ സർവീസ് ഈ ഇലക്ട്രിക് ബസ്സുകളിലേക്ക് മാറും