തിരുവനന്തപുരം: കരമന കരുമം ഇടഗ്രാമം സ്വദേശി അഖിലി(26)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊടും ക്രിമിനലുകള്‍.
2019-ല്‍ അനന്തുവെന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഈ കൊലപാതകത്തിനും പിന്നില്‍. അന്ന് അനന്തുവിനെ കൊലപ്പെടുത്തിയതിന് സമാനമായരീതിയില്‍ അതിക്രൂരമായിട്ടാണ് കഴിഞ്ഞദിവസം അഖിലിനെയും ഇവര്‍ കൊലപ്പെടുത്തിയത്.
ഏപ്രില്‍ 25-ന് പാപ്പനംകോട്ടെ ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തിന്റെ പ്രതികാരമാണ് അഖിലിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ബാറില്‍വെച്ച് അഖിലും പ്രതികളും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായിരുന്നു.
തര്‍ക്കത്തില്‍ അഖിലിനും അക്രമിസംഘത്തിലെ വിനീതിനും പരിക്കേറ്റു. ഈ സംഭവത്തിന്റെ പ്രതികാരമായാണ് അക്രമിസംഘം വെള്ളിയാഴ്ച വൈകിട്ട് അഖിലിനെ കൊലപ്പെടുത്തിയത്.
അഖിലിനെ കമ്പിവടി കൊണ്ട് അടിച്ചും സിമന്റ് കട്ട ഉപയോഗിച്ച് തല തകര്‍ത്തുമാണ് കൊലപ്പെടുത്തിയത്. തുടര്‍ച്ചയായി യുവാവിന്റെ ദേഹത്തും തലയിലും സിമന്റ് കട്ട എറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.