തിരുവനന്തപുരം : നെയ്യാർ ലയൺ സഫാരി പാർക്കിന് കേന്ദ്രഅംഗീകാരം നഷ്ടമായ സാഹചര്യത്തിൽ ഇക്കാര്യം പഠിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. പാർക്കിലേക്ക് പുതുതായി സിംഹങ്ങളെ എത്തിക്കാൻ ശ്രമിച്ചെങ്കിലും കേന്ദ്ര വനം മന്ത്രാലയത്തിന്റെ സെൻട്രൽ സൂ അതോറിട്ടി അനുമതി നൽകിയില്ല. അതോറിട്ടിയുടെ നിബന്ധനപ്രകാരം സിംഹങ്ങളെ പാർപ്പിക്കാൻ 20 ഹെക്ടർ വിസ്തൃതി വേണം. നെയ്യാറിലെ പാർക്കിന് നാല് ഹെക്ടർ വിസ്തൃതിയേയുള്ളൂ. ഇതാണ് പാർക്കിന്റെ അംഗീകാരം നഷ്ടപ്പെടാനിടയാക്കിയത്. ഇതിനെതിരേ അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. നിലവിൽ ലയൺ പാർക്കിൽ സിംഹങ്ങളില്ലെന്നും സി.കെ.ഹരീന്ദ്രന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
