തിരുവനന്തപുരം: സിഇടി എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. പൊളിച്ചുമാറ്റുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പകരം ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നഗരസഭ നിർമിക്കുമെന്നും മേയർ പറഞ്ഞു.
മേയറുടെ ഫെസ്ബുക്ക് പോസ്റ്റ്;
തിരുവനന്തപുരം കോളേജ് ഓഫ് എൻജിൻറിങ്ങിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കൊന്നുമില്ല. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ ഇപ്പോഴും കാളവണ്ടി യുഗത്തിൽ തന്നെയാണെന്ന് കരുതേണ്ടി വരും. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ കൂട്ടുകാർക്ക് എന്റെ വ്യക്തിപരമായ അഭിവാദ്യങ്ങൾ.
അല്പം മുൻപ് അവിടെ സന്ദർശിച്ചു. ബസ് ഷെൽട്ടർ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ NOC ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെൽട്ടർ നിർമ്മിക്കും. അത് ജൻഡർ ന്യുട്രൽ ആയിരിക്കും. കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയു. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെ നിലപാടിനൊപ്പം തന്നെയാണ് ഞങ്ങൾ.