തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഷണം പതിവായിട്ടും പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഡോക്‌ടറെന്ന വ്യാജേന രണ്ടുപേരാണ് പാവപ്പെട്ട രോഗികളിൽ നിന്ന് പണം കൈക്കലാക്കിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയായിട്ടും ഇവിടെ സുരക്ഷാവിഭാഗം നിർജീവമെന്നാണ് ആക്ഷേപം. രാത്രികാലങ്ങളിലാണ് ആശുപത്രിക്കുള്ളിലും പരിസരത്തും മോഷണം സജീവമാകുന്നത്. പകൽ സമയത്ത് ആശുപത്രിക്കുള്ളിൽ കടന്നുകൂടുന്നവർ രാത്രിയും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആശുപത്രിക്കുള്ളിൽ നിലയുറപ്പിക്കും. രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ളവർ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമാകും ഇവർ കളത്തിലിറങ്ങുന്നത്. ബാഗിലെ പണം, മൊബൈൽ ഫോൺ, ചാർജർ അടക്കമുള്ളവയാകും മോഷ്‌ടിക്കുക.
