തിരുവനന്തപുരം :ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില്‍ രാത്രിയിലും തുടരുന്നു.
പരിശോധനക്കായി സംസ്ഥാന സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള റോബോട്ടിനെ എത്തിച്ചു.
ശനിയാഴ്ച രാവിലെയാണ് നഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ ആദ്യഘട്ടത്തില്‍ തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായില്ല.
ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കംചെയ്യുന്നതിനും പരിശോധന നടത്തുന്നതിനുമാണ് ശ്രമം. ഒരു റോബോട്ടിനെ ജോയിയെ കാണാതായ സ്ഥലത്തുനിന്ന് അകത്തേക്ക് ഇറക്കും.
മറ്റൊരു റോബോട്ടിനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ പാളത്തിന് സമീപത്തെ മാൻഹോളിൽക്കൂടിയും അകത്തേക്ക് ഇറക്കും.