തിരുവനന്തപുരം : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും 7 വർഷം കഠിന തടവ്.
ഭർത്താവുമായി പിണങ്ങികഴിഞ്ഞിരുന്ന യുവതി, ഭർത്താവ് കാമുകിയെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതറിഞ്ഞ് അത് ചോദ്യം ചെയ്യാനായി വീട്ടിലേക്കു വന്നപ്പോൾ ഭർത്താവും കാമുകിയും കൂടി പൊട്ടാസ്യം പെർമാഗനേറ്റ് യുവതിയുടെ വായിലിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
അയിരൂർ ചാവർകോട് നളനെയും കാമുകിയായ സുജാതയെയുമാണ് 7 വർഷം കഠിനതടവിനും 50,000 രൂപ പിഴ ശിക്ഷയും തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്‌ജി എം.പി.ഷിബു വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം.
2015 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം. പഞ്ചായത്ത് മെമ്പറായിരുന്ന ഗീതയെയാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭർത്താവ് നളനുമായി പിണങ്ങി കുടുംബവീട്ടിൽ കഴിഞ്ഞുവരികയായിരുന്നു ഗീതയും മക്കളും.
ഭർത്താവ് കാമുകിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ചത് അയൽക്കാർ വിളിച്ചു പറഞ്ഞതനുസരിച്ച് ചോദ്യം ചെയ്യാനായി വീട്ടിലേയ്ക്ക് വന്ന സമയം വീട്ടിലുണ്ടായിരുന്ന പ്രതികൾ ഗീതയെ ചീത്തവിളിക്കുകയും വീട്ടിൽനിന്ന് ഇറക്കിവിടാനും ശ്രമിച്ചു.
എതിർത്ത ഗീതയെ കാമുകി കഴുത്തിനു കുത്തിപ്പിടിപ്പ് വായ തുറപ്പിക്കുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന പൊടി രൂപത്തിലുള്ള പൊട്ടാസ്യം പെർമാഗനേറ്റ് നളൻ ഗീതയുടെ വായിലേയ്ക്ക് ഇടുകയും ചെയ്തു. വായയ്ക്കകത്ത് ഗുരുതരമായി പൊള്ളലേറ്റ ഗീത ബോധരഹിതയായി. മക്കളും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു