തിരുവനന്തപുരം : അമ്മായി അമ്മയെ അടിച്ചു കൊലപ്പെടുത്തിയ മരുമകനെ കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു.
പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം. കിളിമാനൂര്‍ പഴയകുന്നിമ്മേല്‍ അടയമണ്‍ വയറ്റിന്‍കര കുന്നില്‍ വീട്ടില്‍ രാജമ്മയെയാണ് മരുമകനായ പ്രസാദ് കമ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജി. രാജേഷാണ് പ്രതിയെ ശിക്ഷിച്ചത്.
2014 ഡിസംബര്‍ 26 ന് രാത്രി ഒന്‍പത് മണിക്ക് ടി. വി കണ്ടിരുന്ന രാജമ്മയെ പുറകിലൂടെ എത്തിയ പ്രതി കമ്പ് കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രാജമ്മയുടെ മകള്‍ ഷീജ എന്ന സലീനയുടെ ഭര്‍ത്താവാണ് പ്രതി. രണ്ട് ആണ്‍കുട്ടികളുടെ മാതാവായ ഷീജ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.
ആലുംമൂട്ടില്‍ ഷീജ വാങ്ങിയ വസ്തുവില്‍ കെട്ടിട നിര്‍മ്മാണത്തിനായി പ്രതി അടിത്തറ കെട്ടിയിരുന്നു. വസ്തു പ്രതിയുടെ പേരില്‍ മാറ്റി നല്‍കിയാല്‍ വായ്പയെടുത്ത് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
പ്രതി നേരത്തേ ഈ വസ്തു പണയപ്പെടുത്തിയ എടുത്ത വായ്പ ബാധ്യത തീര്‍ക്കാതെ വസ്തു പ്രതിയുടെ പേരില്‍ എഴുതി നല്‍കില്ലെന്ന നിലപാടില്‍ കൊല്ലപ്പെട്ട രാജമ്മ ഉറച്ച് നിന്നതാണ് പ്രതിയെ പ്രകോപിതനാക്കിയത്.