വട്ടപ്പാറ : ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയകുമാരി എന്നിവരാണ് ഇന്നലെ ഉച്ചയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജയകുമാരിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ്.
ഭാര്യയുടെ രോഗം മൂർച്ചിച്ചതിൽ മനംനൊന്തായിരിക്കാം ഇവരെ കൊലപ്പെടുത്തിയ ശേഷം ബാലചന്ദ്രൻ ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
പ്രമേഹ രോഗം മൂർച്ഛിച്ച് ജയകുമാരി ഏറെ നാളായി കിടപ്പിലായിരുന്നു.
ഭാര്യയ്ക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയായിട്ടും താങ്ങായിരുന്ന ബാലചന്ദ്രന് അതൊരു പ്രശ്നമായിരുന്നില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മസ്തിഷ്കത്തിന്‍റെ തകരാറിനുകാരണമാകുന്ന പാർക്കിൻസൺസ് രോഗം മൂർച്ചിച്ചതോടെ പ്രിയപ്പെട്ട പങ്കാളിയുടെ വേദന കണ്ട് മടുത്തിട്ടാവാം ബാലചന്ദ്രൻ ഈ കടുംകൈ ചെയ്തതെന്നും ഇവർ പറയുന്നു.
ഇവർ തമ്മിൽ കാര്യമായ വഴക്കോ, മറ്റ് തർക്കങ്ങളോ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. കൂലിപ്പണിക്കാരനായിരുന്ന ബാലചന്ദ്രന് പ്രായം അറുപത്തിയേഴായെങ്കിലും ഭാര്യയോടുള്ള സ്നേഹത്തിനും കരുതലിനും ഒരു കുറവും ഉണ്ടായിട്ടില്ലെന്നാണ് അയൽവാസികൾ പറയുന്നത്.
ജയകുമാരിയുടെ കഴുത്തറുത്ത് അതേ മുറിയിൽ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം പൊലീസ് കണ്ടെടുത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ എന്തെങ്കിലും പറയാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്.