ചിറയിൻകീഴ് : മുതലപ്പൊഴിയിൽ മീൻപിടിത്തത്തിന് ശേഷം മടങ്ങിയെത്തിയ വള്ളം അഴിമുഖത്തെ മണലിൽ ഉറച്ചു.
പുതുക്കുറിച്ചി സ്വദേശി സുൾഫിയുടെ ഉടമസ്ഥതയിലുള്ള താഹ റസൂൽ എന്ന വള്ളമാണ് അഴിമുഖത്തെ മണലിൽ കുടുങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെയായിരുന്നു അപകടം. വള്ളത്തിൽ മുപ്പതിലേറെ തൊഴിലാളികളുണ്ടായിരുന്നു.
വള്ളം മണലിൽ ഉറച്ചതോടെ തൊഴിലാളികളെ മറ്റുവള്ളങ്ങളിൽ കരയിലെത്തിച്ചു. കഴിഞ്ഞ ഏപ്രിലിൽ സമാന അപകടത്തിൽപ്പെട്ട് മണലിൽ ഉറച്ച വള്ളമാണ് ബുധനാഴ്ച വീണ്ടും അഴിമുഖത്ത് കുടുങ്ങിയത്. അന്ന് മൂന്നുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വള്ളമുടമ പറഞ്ഞു.
തുടർന്ന് മണിക്കൂറുകൾക്കുശേഷം മറ്റ് വള്ളങ്ങളുടെയും തൊഴിലാളികളുടെയും സഹായത്തോടെ വടംകെട്ടിവലിച്ച് വള്ളം മണലിൽ നിന്നിളക്കി ഹാർബറിലെത്തിച്ചു.