നെയ്യാറ്റിൻകര : നെയ്യാറിലെ ഒഴുക്കിൽപ്പെട്ടു കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. പെരുമ്പഴുതൂർ, മുട്ടയ്ക്കാട്, എള്ളുവിള വീട്ടിൽ ബിനുവിന്റെയും സിന്ധുവിന്റെയും മകൻ വൈഷ്ണവാ(15)ണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് ആയയിൽ ക്ഷേത്രത്തിനു സമീപത്തെ കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് വൈഷ്ണവിനെ ഒഴുക്കിൽപ്പെട്ടു കാണാതായത്.വൈഷ്ണവിനായി തിങ്കളാഴ്ച രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. ചൊവ്വാഴ്ച രാവിലെ വീണ്ടും മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ നടത്തുമ്പോഴാണ് മൃതദേഹം കണ്ടത്. കടവിനടുത്തായി നെയ്യാറിൽ മറിഞ്ഞുകിടന്നിരുന്ന തെങ്ങിന്റെ അടിയിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. തിങ്കളാഴ്ച വൈകീട്ട്, സുഹൃത്തുക്കളായ അഭിലാഷ്, അഭിജിത്ത്, ആദിത്യൻ, സജിത് കൃഷ്ണൻ എന്നിവർക്കൊപ്പമാണ് വൈഷ്ണവ് കുളിക്കാനിറങ്ങിയത്. കൂടെയുണ്ടായിരുന്നവർ വൈഷ്ണവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
