കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബിഎ.2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും, ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി ലോകവ്യാപകമായി കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയുടെ ആറില്‍ നാലു സബ്-റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ കാര്യമായി വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി.