തിരുവനന്തപുരം :കേരളത്തിലെ സർക്കാർ /എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് തിങ്കളാഴ്ച മുതൽ 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല.എസ്‌എസ്‌എൽസി / 10–ാം ക്ലാസ് / തുല്യപരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി +’ ഗ്രേഡ് അഥവാ തുല്യമാർക്കു വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. സിബിഎസ്ഇ വിഭാഗത്തിൽ ബോർഡ് തല പരീക്ഷ ജയിച്ചവരെയാണ് ആദ്യറൗണ്ടിൽ പ്രവേശനത്തിനു പരിഗണിക്കുക. 2018 മാർച്ചിനു മുൻപ് വെവ്വേറെ സ്കൂൾ/ബോർഡ്–തല പരീക്ഷകളുണ്ടായിരുന്നു. അന്നു യോഗ്യത നേടിയ കുട്ടികളുടെ രക്ഷിതാക്കൾ തെളിവിനായി 9–ാം അനുബന്ധത്തിലെ ഫോർമാറ്റിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം.സ്‌കൂൾ തല സിബിഎസ്‌ഇക്കാരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പരിഗണിക്കും.