തിരുവനന്തപുരം : നഗരത്തിലെ ഗതാഗത നിയമലംഘകരെയും കുറ്റവാളികളെയും പറന്നു പിടിക്കാൻ ഒരുങ്ങി തിരുവനന്തപുരം സിറ്റി പോലീസ്. കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ പ്രവർത്തനം ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിൽ ആരംഭിച്ചു.
ആദ്യഘട്ടത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ ആയിരിക്കും ഡ്രോൺ മുഖാന്തിരം നിരീക്ഷണം നടത്തുന്നത്. ബൈക്ക് റേസിംഗ് ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നവരെ പിന്തുടര്ന്ന് വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പർ ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറ ഒപ്പിയെടുക്കും. തുടർന്ന് പോലീസ് ഇവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. കൂടാതെ നമ്പർ പ്ലേറ്റിൽ രൂപമാറ്റം വരുത്തുന്നവരെയും വാഹനത്തിന്റെ രൂപഭേദം വരുത്തുന്നവർക്കെതിരെയും നടപടി ഉണ്ടാകും.
സീബ്രാ ക്രോസിംഗിൽ വാഹനം നിർത്തുന്നവരെയും ചുവന്ന ലൈറ്റ് ചാടി പോകുന്നവരെയും ഗതാഗത തടസ്സം സൃഷ്ടിച്ച് വാഹന പാർക്കിംഗ് നടത്തുന്നവരെയും ഡ്രോൺ പിടികൂടും. ഇതിലെ അള്‍ട്രാസൂം ക്യാമറ രാത്രിയിലും പകലും വ്യക്തമായ ദൃശ്യങ്ങളും വീഡിയോകളും ഒപ്പിയെടുക്കും.
സമരങ്ങളും ജാഥകളും ഉണ്ടാകുമ്പോൾ ഏതെല്ലാം റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടെന്നും ആയത് ഉടനടി തന്നെ പരിഹരിക്കുവാനും ഡ്രോണിന്റെ സേവനം പ്രയോജനപ്പെടുത്തും. ഹെൽമെറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവരെയും ആകാശക്യാമറയിലൂടെ തിരിച്ചറിഞ്ഞ് നിയമനടപടികൾ സ്വീകരിക്കും.