തിരുവനന്തപുരം :കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ 4.56 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. 146.9 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. വിവിധ കൃഷിമേഖലകളിലായി 1803 കര്‍ഷകരെ ഇത് ബാധിച്ചതായും പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു. ജൂലൈ 31 മുതല്‍ ആഗസ്റ്റ് നാലുവരെയുള്ള കണക്കുപ്രകാരമാണിത്. 13 ഹെക്ടര്‍ പ്രദേശത്തെ മരച്ചീനി, 78.69 ഹെക്ടര്‍ പ്രദേശത്തെ വാഴ കൃഷി, 42.2 ഹെക്ടര്‍ പ്രദേശത്തെ പച്ചക്കറി കൃഷി, മൂന്ന് ഹെക്ടര്‍ നെല്‍ കൃഷി എന്നിങ്ങനെയാണ് വിളകളുടെ നഷ്ടക്കണക്ക്.
ശക്തമായ കാറ്റിലും മഴയിലും ആഗസ്റ്റ് ഒന്നുമുതല്‍ മൂന്നുവരെ ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 22 വീടുകള്‍ക്ക് ഭാഗികമായ കേടുപാടുണ്ടായി. നെടുമങ്ങാട് താലൂക്കില്‍ 11 വീടുകളും കാട്ടാക്കട, വര്‍ക്കല താലൂക്കുകളില്‍ മൂന്നു വീടുകള്‍ വീതവും നെയ്യാറ്റിന്‍കര, ചിറയിന്‍കീഴ് താലൂക്കുകളില്‍ രണ്ട് വീടുകള്‍ വീതവും തിരുവനന്തപുരം താലൂക്കില്‍ ഒരു വീടുമാണ് ഭാഗികമായി തകര്‍ന്നത്.