പാറശാല: കടയ്ക്കു മുന്നിൽ കാർ പാർക്ക് ചെയ്തതിനെ ചൊല്ലി ഉയർന്ന തർക്കത്തെത്തുടർന്ന് സൈനികനെയും സഹോദരനെയും ആക്രമിച്ച സംഭവത്തിൽ കട ഉടമ അടക്കം മൂന്നു പേർ റിമാൻഡിൽ.
ഇഞ്ചിവിള സ്വദേശി അയൂബ്ഖാൻ (60), മകൻ അലീഫ്ഖാൻ (25) സുഹൃത്ത് ജിംനേഷ്യം നടത്തിപ്പുകാരൻ സജിൻലാൽ (28) എന്നിവരാണ് പിടിയിലായത്.അക്രമം നടത്തിയ സംഘത്തിൽപെട്ട സജിൻദാസ് ഒളിവിൽ ആണ്.
ബുധൻ രാത്രി 7.30ന് പാറശാല മുസ്‌ലിം പള്ളിക്കു മുന്നിൽ ആണ് കോട്ടവിള പുതുവൻ പുത്തൻ വീട്ടിൽ സ്മിനു, സൈനികനായ സഹോദരൻ സ്മിജു എന്നിവർക്ക് ക്രൂര മർദനമേറ്റത്.
അയൂബ്ഖാന്റെ തുണിക്കടയ്ക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ എടുക്കാൻ എത്തിയ സ്മിനുവിനെ ഇയാൾ അസഭ്യം പറഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.
രണ്ട് മിനിറ്റ് മാത്രം പാർക്ക് ചെയ്തതിനു അസഭ്യം പറഞ്ഞതിൽ സ്മിനു പ്രതികരിച്ചതോടെ കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന അലീഫ്ഖാനും സജിൻദാസും സജിൻലാലും ഒാടി എത്തി ഇരുവരെയും മർദിച്ചുവെന്നാണ് പരാതി.