തിരുവനന്തപുരം; ലോക ജലദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ജലസഭയിൽ പങ്കാളികളാകാൻ കേരളത്തിലെ 44 നദികളും തലസ്ഥാനത്ത് സംഗമിച്ചു. കാസർഗോഡിലെ ചന്ദ്രഗിരി, ചിറ്റാരി , മഞ്ചേശ്വരം, കവായിപ്പുഴകളും വയനാടിലെ കബനിയും ഭാരതപ്പുഴയും പെരിയാറും തുടങ്ങി തിരുവനന്തപുരം ജില്ലയിലെ നെയ്യാറും ഉൾപ്പടെ തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ സംഘമിച്ചപ്പോൾ അതൊരു വേറിട്ട കാഴ്ചയായി.ജൽ ജീവൻ മിഷൻ നടത്തുന്ന കേരള ജലസഭയുടെ വിളംബര സന്ദേശവുമായാണ് കാസർഗോഡ് നിന്ന് ആരംഭിച്ച “ജല സംരക്ഷണ സന്ദേശ യാത്ര” യിൽ കേരളത്തിലെ 44 നദികളിൽ നിന്നും 44 ഗ്രാമപഞ്ചായത്തുകളും നിർവ്വഹണ സഹായ ഏജൻസി (ISA) കളും ചേർന്ന് മൺകുടങ്ങളിൽ ശേഖരിച്ചു.ജലം തിങ്കളാഴ്ച വൈകുന്നേരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എത്തിയപ്പോൾ സംഘാടകർ ഏറ്റുവാങ്ങി. തുടർന്ന് കാൽ നടയായി സെക്രട്ടറിയേറ്റിന് മുന്നിലെത്തിയ ജലസന്ദേശയാത്ര എംഎൽഎമാരായ വി. കെ . പ്രശാന്ത്, എം. വിൻസന്റ് , മേയർ ആര്യാ രാജേന്ദ്രൻ , മിഷൻ ഡയറക്ടർ, ജൽ ജീവൻ മിഷൻ & വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടറുമായ എസ്. വെങ്കിടേസപതി ഐഎഎസ് , നഗരസഭയിലേയും, ജില്ലാ പഞ്ചായത്തിലേയും ജനപ്രതിനിധികൾ , സാമൂഹിക- സാംസ്കാരിക- പരിസ്ഥിതി രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.തുടർന്ന് പ്രമുഖ കവികൾ അണി നിരന്ന ജലം ജീവനാണ്- കവയരങ്ങും നടന്നു.
ലോക ജലദിനാചരണത്തിന്റെ ഭാഗമായി 22 ന് രാവിലെ 9.30 തിന് തിരുവനന്തപുരം വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ ആനിമേഷൻ സെന്ററിൽ വെച്ച് ജലം ജീവനാണ് എന്ന വിഷയത്തിൽ നടക്കുന്ന സംസ്ഥാന തല സെമിനാർ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ജലം ജീവനാണ് എന്ന വിഷയത്തിലുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ ലോഗോ പ്രകാശനം രമേശ് ചെന്നിത്തല എംഎൽഎയും, ജലസംരക്ഷണ സന്ദേശങ്ങൾ പതിച്ച കെഎസ്ആർടിസി ബസിന്റെ ഫ്ളാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിനും നിർവ്വഹിക്കും. ഐ.എസ്.എ പ്ലാറ്റ് ഫോം വൈസ് ചെയർമാൻ റഷീദ് പറമ്പൻ കേരള ജലസഭ പദ്ധതി അവതരിപ്പിക്കും. കേരള വാട്ടർ അതോറിറ്റി എംഡി വെങ്കടേസപതി ഐഎഎസ്, ഐ.ബി സതീഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ, പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശ് ഐഎഎസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ ഐഎഎസ്, കേരള ഗ്രാമപഞ്ചാത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.വിജുകുമാർ , ഭൂജലവകുപ്പ് ഡയറക്ടർ ആൻസി ജോസഫ്, ഐ.എസ്.എ പ്ലാറ്റ് ഫോറം ചെയർമാൻ അഡ്വ. ടി.കെ തുളസീധരൻ പിള്ള, സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സി. ഡയറക്ടർ കെഎൻ ആനന്ദകുമാർ , കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ റവ. ഫാ.ജേക്കബ് മാവുങ്കൽ , ഐഎസ്എ പ്ലാറ്റ് ഫോം ജനറൽ സെകട്ടറി ആന്റണി കുന്നത്ത് തുടങ്ങിയവർ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കേരള വാട്ടർ അതോറിറ്റി, കേരള റൂറൽ വാട്ടർ സപ്ലൈ ആന്റ് സാനിറ്റേഷൻ എജൻസി (KRWSA – ജലനിധി), ഭൂജല വകുപ്പ് എന്നീ നിർവ്വഹണ ഏജൻസികളും, തെരഞ്ഞെടുക്കപ്പെട്ട 44 നിർവ്വഹണ സഹായ ഏജൻസി (ISA)കളും ചേർന്ന് കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായാണ് ലോകജലദിനം സംസ്ഥാന വ്യാപകമായി വിവിധ പരിപാടികളോടെ കേരള ജലസഭ എന്ന പേരിൽ നടത്തുന്നത്.