പേരൂർക്കട-നാലാഞ്ചിറ റോഡ്; വാട്ടർ അതോറിറ്റി 900 മീറ്റർ പ്രാഥമിക റോഡ് പുനഃസ്ഥാപനം പൂർത്തിയായി

IMG_27012022_223843_(1200_x_628_pixel)

 

തിരുവനന്തപുരം: പേരൂര്‍ക്കട മുതല്‍ മണ്‍വിള വരെ, പുതിയ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ നടക്കുന്ന പ്രദേശങ്ങളിൽ, 900 മീറ്റര്‍ ഭാഗത്ത്‌ പ്രാഥമിക റോഡ് പുനഃസ്ഥാപന പ്രവൃത്തികള്‍ നടത്തിക്കഴിഞ്ഞതായി കേരള വാട്ടർ അതോറിറ്റി അറിയിച്ചു. കാലപ്പഴക്കം ചെന്ന പ്രധാന പി.എസ്‌.സി. പൈപ്പ്ലൈനുകൾ മാറ്റി, പുതിയ മൈല്‍ഡ്‌ സ്റ്റീല്‍ പൈപ്പ്ലൈൻ സ്ഥാപിക്കുന്ന 60 കോടി രൂപയുടെ കിഫ്ബി പദ്ധതിയാണ് വാട്ടർ അതോറിറ്റി ഇവിടെ നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ പേരൂര്‍ക്കട മുതല്‍ നാലാഞ്ചിറ വരെയുള്ള 3.5 കി.മീ. ഭാഗത്ത് പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളാണ്‌ നടന്നു വരുന്നത്‌. പാറയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളൊഴികെ ഭൂരിഭാഗം പ്രദേശങ്ങളിലും പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുന്നു. പൈപ്പ്‌ലൈന്‍ സ്ഥാപിച്ചു കഴിഞ്ഞ സ്ഥലങ്ങളില്‍, പൊതുമരാമത്ത്‌ വകുപ്പിന്റെ മേല്‍നോട്ടത്തില്‍, കിഫ്ബി നിബന്ധനകള്‍ക്കു വിധേയമായി വാട്ടർ അതോറിറ്റി നേരിട്ടാണ് പുനഃസ്ഥാപന പ്രവൃത്തികള്‍ നടത്തുന്നത്.

പേരൂര്‍ക്കട മുതല്‍ നാലാഞ്ചിറ വരെയുള്ള മൂന്നര കിലോമീറ്ററില്‍, കുടപ്പനക്കുന്ന്‌ മുതല്‍ കൃഷ്ണ നഗര്‍ വരെയുള്ള 900 മീറ്റര്‍ ഭാഗത്താണ് പ്രാഥമിക പുനഃസ്ഥാപന പ്രവൃത്തികള്‍ പൂർത്തിയായത്. ബാക്കി സ്ഥലങ്ങളിലെ പുനഃസ്ഥാപന പ്രവൃത്തിക്കായി ലെവല്‍ എടുത്ത്‌ കിഫ്ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്‌. പത്തു ദിവസത്തിനുള്ളില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചു കഴിഞ്ഞ മറ്റു സ്ഥലങ്ങളിലും പ്രാഥമിക റോഡ്‌ പുനഃസ്ഥാപന പ്രവൃത്തികള്‍ തുടങ്ങുന്നതാണ്‌. പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിന്‌ പുതുതായി എടുത്ത കുഴികളായതിനാല്‍ പ്രാഥമിക പുനഃസ്ഥാപന പ്രവൃത്തികള്‍ കഴിഞ്ഞ്‌ നിശ്ചിത സമയത്തിനു ശേഷമേ(പിഡബ്ല്യുഡി ചട്ടമനുസരിച്ച് മൂന്നുമാസം) അവസാനവട്ട ടാറിംഗ്‌ പ്രവൃത്തികള്‍ നടത്താനാവുകയുള്ളൂ. എന്നാൽ പൊടിശല്യം കുറയ്ക്കാനായി പ്രാഥമിക പുനഃസ്ഥാപന പ്രവൃത്തിക നടക്കുമ്പോൾത്തന്നെ, ടാർ കോട്ടിങ് കൂടി നൽകും.

നഗരത്തിലും സമീപപ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന പ്രധാന ജലവാഹിനിക്കുഴലുകളിലൊന്നാണ്‌ പേരൂര്‍ക്കട മുതല്‍ മണ്‍വിള വരെ സ്ഥാപിച്ചിട്ടുളള പി.എസ്‌.സി. പൈപ്പ്ലൈൻ. എന്നാല്‍ കാലപ്പഴക്കത്താൽ ഈ പൈപ്പ്ലൈനുകൾക്ക് നാശം സംഭവിക്കുകയും അടിക്കടി ചോര്‍ച്ചകളുണ്ടാകുകയും ചെയ്യുന്നു. ഇതുമൂലം നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിന്‌ പലപ്പോഴും തടസ്സം നേരിടുകയും ചോര്‍ച്ചകള്‍ കാരണം റോഡുകള്‍ക്ക്‌ നാശം സംഭവിക്കുകയും ചെയ്യുന്നുണ്ട്‌. ഇതിനു പരിഹാരമെന്ന നിലയിലാണ് പേരൂര്‍ക്കട മുതല്‍ മണ്‍വിള വരെയുള്ള കാലപ്പഴക്കം ചെന്ന പ്രധാന പി.എസ്‌.സി. പൈപ്പ്ലൈൻ മാറ്റി പുതിയ മൈല്‍ഡ്‌ സ്റ്റീല്‍ ജല വാഹിനിക്കുഴലുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി കിഫ്ബി വഴി നടപ്പാക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!