നെടുമങ്ങാട്: വഴയില – പഴകുറ്റി നാലുവരിപ്പാതാവികസനത്തിന്റെ ഭാഗമായി ആദ്യറീച്ചില്‍ ഉള്‍പ്പെട്ട വഴയില മുതല്‍ കെല്‍ട്രോണ്‍ ജംഗ്ഷന്‍ വരെയുള്ള 3.9 കിലോ മീറ്റര്‍ റോഡ് പാലം വര്‍ക്കുകളുടെ നിര്‍മാണത്തിനുള്ള ടെണ്ടറിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഇപ്രകാരം 93.64 കോടി രൂപയാണ് നിര്‍മാണ പ്രവൃത്തിക്കായി ചെലവാകുന്നത്. നാലുവരിപ്പാതവികസനത്തിന് 928.87 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭിച്ചിരുന്നത്. ആദ്യ റീച്ചില്‍ ഉള്‍പ്പെടുന്ന കരകുളം ഫ്ലൈ ഓവർ നിർമാണത്തിനായി 58.7 കോടി രൂപയുടെ അംഗീകാരം നേരത്തെ ക്യാബിനറ്റില്‍ നിന്ന് ലഭിച്ചിരുന്നു.
കരകുളം മേൽപ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (ഒക്ടോബർ 17) വൈകിട്ട് അഞ്ചിനു ഏണിക്കര ജംഗ്ഷനില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിൽ പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. മന്ത്രി വി.ശിവന്‍കുട്ടി, അടൂര്‍ പ്രകാശ് എം.പി, എം.എല്‍.എ മാരായ ജി. സ്റ്റീഫന്‍, വി.കെ.പ്രശാന്ത് എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുക്കും. നെടുമങ്ങാട് നിവാസികളുടെ ചിരകാല സ്വപ്നമായ പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്ന് മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു.
വഴയില മുതല്‍ കെല്‍ട്രോണ്‍ വരെ 9.5 കിലോ മീറ്ററും നെടുമങ്ങാട് ഠൗണില്‍ പഴകുറ്റി പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ നിന്നാരംഭിച്ച് കച്ചേരി നട വഴി 11-ാം കല്ലു വരെയുള്ള 1.240 കിലോ മീറ്റർ ഉള്‍പ്പെടെ 11.240 കി.മീ. റോഡാണ് നാലുവരി പാതയില്‍ ഉള്‍പ്പെടുന്നത്. 15 മീറ്റർ ടാറിംഗും സെന്ററില്‍ 2 മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി 2 മീറ്റർ വീതിയില്‍ യൂട്ടിലിറ്റി സ്പേസും ഉള്‍പ്പെടെയാണ് 21 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുന്നത്. മൂന്ന് റീച്ചുകളിലായാണ് നിര്‍മാണം നടക്കുന്നത്.