തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിലെ ആദ്യ രാജിയായി സജി ചെറിയാൻ. വിവാദമായ ഭരണഘടന പരാമർശത്തിന് പിന്നാലെയാണ് സാംസ്കാരിക മന്ത്രിയായ സജി ചെറിയാൻ സ്ഥാനമൊഴിഞ്ഞത്. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയും മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സജി ചെറിയാനോട് മാധ്യമങ്ങളെ കണ്ട് രാജിപ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം
