തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. മൂന്നര വർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നത്. തീ കത്തിച്ചത് പെട്രോളൊഴിച്ച് ആണെന്നതിന് അപ്പുറം ഒരു തെളിവും അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ല.
ചില കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണം അവസാനിപ്പിക്കുന്നത് ദുഃഖകരമാണെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു. പോലീസ് തെളിവ് നശിപ്പിച്ച് കേസ് തനിക്കെതിരെ തിരിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. 2018 ഒക്ടോബറിലാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ സാളഗ്രാമം ആശ്രമത്തിന് തീപിടിച്ചത്. തീപിടുത്തതിൽ മൂന്ന് വാഹനങ്ങൾ കത്തി നശിച്ചിരുന്നു. ആശ്രമത്തിന് ഭാഗീകമായ കേടുപാടുകളും ഉണ്ടായി. തീ കത്തിച്ചവർ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. ആക്രമണം വാർത്തയായതോടെ മുഖ്യമന്ത്രി പിണറായി വിജയനടക്കം സ്ഥലം സന്ദർശിച്ചിരുന്നു