പൂന്തുറ : പൂന്തുറയിൽ ശക്തമായ കടലേറ്റത്തിൽ തിരയടിച്ച് ഒട്ടേറെ വീടുകളിൽ വെള്ളം കയറി. ചേരിയാമുട്ടം മുതൽ ജോനക പൂന്തുറ വരെയുള്ള തീരത്തെ 250-ലധികം വീടുകളാണ് കടലേറ്റഭീഷണിയിലായത്.ശനിയാഴ്ച ഉച്ചയ്ക്കും വൈകീട്ടുമാണ് വലിയ തിരമാലകൾ വീടുകളിലേക്ക് അടിച്ചുകയറിയത്. മിക്കവരുടെയും ഗൃഹോപകരണങ്ങളുൾപ്പെട്ട സാധനസാമഗ്രികൾ വെള്ളത്തിൽ വീണ് നശിച്ചു.
തിരയ്‌ക്കൊപ്പമെത്തിയ മാലിന്യം തീരത്തും വീടുകളിലും അടിഞ്ഞ് പരിസരവും മലിനമായി.വർഷങ്ങൾക്കുമുമ്പ് ഇവിടെ നിർമിച്ചിരുന്ന കടൽഭിത്തി കടലേറ്റത്തിൽ ഇളകിപ്പോയിട്ടുണ്ട്. ചേരിയാമുട്ടം മുതൽ പൂന്തുറ സെന്റ് തോമസ് പള്ളിവരെ കടലിലേക്ക് അടുക്കിയിട്ടുള്ള ഒൻപത് പുലിമുട്ടുകളും ഇളകിത്തുടങ്ങിയിട്ടുണ്ട്. ഇവയും ബലപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.