വിളവൂർക്കലും കവടിയാറും ഇനി സ്മാർട്ട്‌ വില്ലേജ് ഓഫീസുകൾ

IMG_20240118_201325_(1200_x_628_pixel)

തിരുവനന്തപുരം:കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ വില്ലേജ് ഓഫീസും വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാർ വില്ലേജ് ഓഫീസും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി നാടിന് സമർപ്പിക്കുന്ന ചടങ്ങ് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

സർവ്വതല സ്പർശിയായ വികസനത്തിനാണ് സംസ്ഥാന സർക്കാരിന് കീഴിൽ കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്ത് എല്ലാ സേവനങ്ങളും സ്മാർട്ടാകുന്ന കേരളത്തിലേക്ക് മലയാളിയെ നയിക്കുകയെന്ന കർത്തവ്യമാണ് റവന്യു വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രമാണ് 43,15,000 ചെലവിട്ട് വിളവൂർക്കലും 55,25,000 രൂപ ചെലവിൽ കവടിയാറും സ്മാർട്ട്‌ വില്ലേജ് ഓഫീസ് നിർമിച്ചത്. ഇതോടെ കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ, കുളത്തുമ്മൽ, മലയിൻകീഴ്, വിളപ്പിൽ, മാറനല്ലൂർ എന്നീ അഞ്ച് വില്ലേജുകൾ ഓഫീസുകൾ സ്മാർട്ട് ആയി. പള്ളിച്ചൽ വില്ലേജ് ഓഫീസ് കൂടി സ്മാർട്ട്‌ ആകുന്നതോടെ മണ്ഡലത്തിലെ 6 വില്ലേജ് ഓഫീസുകളും സ്മാർട്ട്‌ പദവിയിലേക്ക് ഉയരും. വട്ടിയൂർക്കാവ് മണ്ഡലത്തിലെ കുടപ്പനക്കുന്ന്, പട്ടം, പേരൂർക്കട ശാസ്തമംഗലം, കവടിയാർ വില്ലേജുകൾ സ്മാർട്ട് ആയി. വട്ടിയൂർക്കാവ് വില്ലേജ് ഓഫീസ് കൂടി സ്മാർട്ട് ആകുന്നതോടെ വട്ടിയൂർക്കാവ് മണ്ഡലത്തിലെയും ആറു വില്ലേജ് ഓഫീസുകളും സ്മാർട്ട് ആവുകയാണ്.

 

വിളവൂർക്കൽ സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായ ഐ. ബി സതീഷ് എം. എൽ. എ വിളവൂർക്കൽ പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകുന്ന നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. 99 ലക്ഷം രൂപ ചെലവിൽ വിളവൂർക്കൽ പഞ്ചായത്ത്‌ യുഐടി സെന്ററിന്റെ കെട്ടിട നിർമ്മാണം, 25 ലക്ഷം രൂപ ചെലവിൽ വയോജനങ്ങൾക്കായി അമ്മ വീട് നിർമ്മാണം, ഹോമിയോ ആശുപത്രി നിർമ്മാണം, 150 ലക്ഷം രൂപയുടെ വിളവൂർക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയം നിർമ്മാണം , വിവിധ റോഡുകളുടെ നിർമ്മാണം തുടങ്ങി എംഎൽഎ- ബഡ്ജറ്റ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന 19 പദ്ധതികളാണ് ചടങ്ങിൽ പ്രഖ്യാപിച്ചത്. കാട്ടാക്കട നിയോജകമണ്ഡലത്തിലെ 6 വില്ലേജ് ഓഫീസുകൾക്കും എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇ – ഓഫീസിന് ആവശ്യമായ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളുടെ വിതരണവും ചടങ്ങിൽ നടന്നു.

കവടിയാറിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ചടങ്ങുകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലി മുരളി,ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എഡിഎം അനിൽ ജോസ്, , നെടുമങ്ങാട് ആർഡിഒ പി.ജയകുമാർ കാട്ടാക്കട തഹസിൽദാർ നന്ദകുമാർ, തിരുവനന്തപുരം തഹസിൽദാർ ഷാജു എം. എസ് തുടങ്ങിയവർ സന്നിഹിതരായി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!